shanimol-usman

ആലപ്പുഴ: അരൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാപരമായ യാതൊരു പാളിച്ചയുമുണ്ടായിട്ടില്ലെന്ന് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ഷാനിമോൾ ഉസ്‌മാൻ. എന്നാൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസം ഒന്നു കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിനെപ്പറ്റി വിലയിരുത്താൻ ഒരു യോഗം പോലും നേതൃത്വം വിളിച്ചിരുന്നില്ല. കേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തിൽ തിരഞ്ഞെടുപ്പ് പരാജയം എത്രയുംവേഗം വിലയിരുത്തണമെന്നും ഷാനിമോൾ ഉസ്‌മാൻ ആവശ്യപ്പെട്ടു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വലിയ തോൽവിയ്‌ക്ക് ശേഷം നേതൃത്വം എന്ത് പഠിച്ചുവെന്ന് പ്രവർത്തകരോട് നേതാക്കൾ വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് കഴിഞ്ഞ ഏറെ കാലമായി ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളിൽ പാർട്ടിയുടെ പിന്തുണ കിട്ടിയിട്ടില്ല. കെ പി സി സി അദ്ധ്യക്ഷനോ കെ പി സി സി നിയോഗിച്ച സമിതികളോ എത്ര പാർട്ടി സ്ഥാനാർത്ഥികളുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ടെന്ന് തനിക്കറിയില്ല. തന്റെ ഓഫീസ് ആരും സന്ദർശിച്ചിട്ടില്ലെന്നും ഷാനിമോൾ ഉസ്‌മാൻ പറഞ്ഞു.

പാർട്ടിയിൽ അഭിപ്രായം പറയുന്നവരെ ഒതുക്കുന്ന രാഷ്ട്രീയശൈലി അംഗീകരിക്കാനാകില്ല. കോൺഗ്രസിനെ ശുദ്ധീകരിക്കാനുളള ഉത്തരവാദിത്തം രണ്ടാംനിര ഏറ്റെടുക്കണമെന്നും ഷാനിമോൾ ഉസ്‌മാൻ അഭിപ്രായപ്പെട്ടു.