k-surendran

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം കുറിച്ചപ്പോഴും മൂന്ന് മണ്ഡലങ്ങളിൽ എൽ ഡി എഫ് മൂന്നാംസ്ഥാനത്തേക്ക് തൂത്തെറിയപ്പെട്ടു. ബി ജെ പിയുമായി യു ഡി എഫ് സ്ഥാനാർത്ഥികൾ ശക്തമായ മത്സരം കാഴ്‌ചവച്ച മണ്ഡലങ്ങളിലാണ് എൽ ഡി എഫിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നത്. ത്രികോണ പോര് നടന്ന മണ്ഡലങ്ങളിൽ മുന്നണിക്കുണ്ടായ കനത്ത തോൽവി എങ്ങനെയെന്ന് വരും ദിവസങ്ങളിൽ നേതൃത്വം ആഴത്തിൽ പരിശോധിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

പാലക്കാട് വോട്ടെണ്ണി തുടങ്ങി ആദ്യ റൗണ്ടിൽ തന്നെ മത്സരം ഷാഫിയും ശ്രീധരനും തമ്മിലായിരുന്നു. കഴിഞ്ഞ തവണ എൻ എൻ കൃഷ്‌ണദാസ് മത്സരിച്ച് മൂന്നാമതായിടത്ത് സി പി പ്രമോദ് എന്ന പുതുമുഖത്തിന് വോട്ടുചോർച്ച തടയാനാകുമോ എന്ന ചോദ്യമേ ഉണ്ടായിരുന്നുളളൂ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നാം സ്ഥാനത്തായതിനൊപ്പം 2,242 വോട്ട് പിന്നെയും എൽ ഡി എഫിന് ഇത്തവണ കുറഞ്ഞു.

യു ഡി എഫും ബി ജെ പിയും തമ്മിൽ മൂന്നു തിരഞ്ഞെടുപ്പായി നേർക്കുനേർ പോരാട്ടമാണ് മഞ്ചേശ്വരത്തും കാസർകോടും നടക്കുന്നത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. വി വി രമേശൻ എന്ന കരുത്തനെ നിർത്തിയിട്ടും കഴിഞ്ഞതവണ നേടിയതിനെക്കാൾ രണ്ടായിരത്തി അഞ്ഞൂറോളം വോട്ട് എൽ ഡി എഫിന് കുറയുകയായിരുന്നു.

ബി ജെ പി കാലാകാലങ്ങളായി എൽ ഡി എഫ്- യു ഡി എഫ് ബാന്ധവം ആരോപിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വോട്ട് കച്ചവടമെന്ന കരിനിഴലാണ് ഇപ്പോൾ സി പി എം നേതൃത്വത്തിന് മേൽപതിച്ചിരിക്കുന്നത്. അതേസമയം, കാസർകോട് മൂന്നാം സ്ഥാനത്താണെങ്കിലും 6,708 വോട്ട് വർദ്ധിപ്പിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ മൂന്ന് മണ്ഡലങ്ങളിലേയും മൂന്നാം സ്ഥാനത്തെപ്പറ്റി പ്രതികരിക്കാൻ ജില്ലാ നേതൃത്വമോ സംസ്ഥാന നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.