oxygen

ബംഗളൂരു : ഓക്സിജൻ ലഭിക്കാതെ കർണാടകയിൽ 24 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. കർണാടകയിലെ ചാമരാജനഗറിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്നാണ് രോഗികൾ മരണപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോഴും അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. ഇതോടെ ആശുപത്രി ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ടവരുടെ ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ സമരം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ആശുപത്രിയിൽ സംഭവിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ചാമരാജനഗർ ജില്ലാ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓക്സിജന്റെ അഭാവം മൂലമാണ് രോഗികൾ മരിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചാമരാജനഗർ ഡെപ്യൂട്ടി കമ്മീഷണർ ഡോ. എം രവി പറഞ്ഞു. സംഭവത്തിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാർ ആരോപിച്ചു. സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജനുണ്ടെന്ന് ദിവസവും മുഖ്യമന്ത്രിയുൾപ്പടെയുള്ളവർ കള്ളം പറയുകയാണെന്നും അദ്ദേഹം ട്വീറ്റു ചെയ്തു.