sobha-surendran-

തിരുവനന്തപുരം : ബി ജെ പി ഏറെ വിജയപ്രതീക്ഷ വച്ചു പുലർത്തിയ കഴക്കൂട്ടം മണ്ഡലത്തിൽ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ സ്ഥാനാർത്ഥിയുടെ ഉപയോഗിക്കാത്ത കെട്ടുകണക്കിന് നോട്ടീസുകൾ പ്രാദേശിക നേതാവിന്റെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. പ്രസിൽ നിന്നും അച്ചടിച്ചുകൊണ്ടുവന്ന അതേ അവസ്ഥയിൽ കെട്ടുപോലും പൊട്ടിക്കാത്ത നിലയിലാണ് നോട്ടീസുകൾ. വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ ഉപേക്ഷിച്ചത് മുൻപ് വാർത്തയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പാർട്ടിയിലെ സീനിയർ നേതാക്കൾ ശോഭയ്ക്ക് വോട്ടുതേടി കഴക്കൂട്ടത്തെത്തിയിരുന്നു. എന്നാൽ ഇതിന്റെ നേട്ടമൊന്നും തിരഞ്ഞെടുപ്പ് ഫലത്തിൽ കാണാനായില്ല. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും ബി ജെ പി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിയടയുകയായിരുന്നു. അതേസമയം 2016ൽ ഇവിടെ ബി ജെ പി നേടിയ വോട്ടിനെ അപേക്ഷിച്ച് രണ്ടായിരത്തോളം വോട്ടുകൾ ശോഭയ്ക്ക് കുറവുണ്ടായിരുന്നു. പുതുതായി മൂവായിരത്തോളം വോട്ടുകൾ കഴക്കൂട്ടം മണ്ഡലത്തിൽ ചേർത്തിട്ടും വോട്ട് കുറഞ്ഞത് ഇതിനോടകം ചർച്ചയായിട്ടുണ്ട്.