sukumaran-nair

ആലപ്പുഴ: എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകൾ ഡോ സുജാത എം ജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം രാജിവച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ വിമർശനത്തിന് പിന്നാലെയാണ് ഡോ സുജാതയുടെ രാജി. മകൾക്ക് സിൻഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എൻ എസ് എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്നായിരുന്നു വെളളാപ്പളളി കുറ്റപ്പെടുത്തിയത്.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സുകുമാരൻ നായർ പറഞ്ഞു. മകൾ രാജിവച്ച വിവരം അദ്ദേഹം തന്നെയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി സുജാത സിൻഡിക്കേറ്റ് മെമ്പർ സ്ഥാനത്ത് പ്രവർത്തിക്കുകയാണ്. ആദ്യം യു ഡി എഫും പിന്നീട് എൽ ഡി എഫുമാണ് സുജാതയെ നോമിനേറ്റ് ചെയ്‌തത്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നോമിനേറ്റ് ചെയ്‌തതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

താനോ മകളോ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരേയും സമീപിച്ചിട്ടില്ല. മൂന്ന് വർഷം ഇനിയും കാലാവധിയുണ്ടെന്നും എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ സുജാത രാജിവയ്‌ക്കുകയാണെന്നും സുകുമാരൻ നായർ വിശദീകരിച്ചു.