രാഷ്ട്രീയത്തിനു പുറമെ സിനിമയിലും ഒരുകൈ നോക്കിയിട്ടുണ്ട് ആർ. ബാലകൃഷ്ണപിള്ള. 'ഇവളൊരു നടോടി' എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണപിള്ള സിനിമയിൽ മുഖം കാണിക്കുന്നത്. കലാനിലയം കൃഷ്ണൻ നായർ നിർമിച്ച 'നീലസാരി'യിലും ചെറിയ വേഷം അവതരിപ്പിച്ചു. 1980ൽ നാൽപ്പത്തിയഞ്ചാം വയസ്സിൽ കെ.എ. ശിവദാസ് സംവിധാനം ചെയ്ത് സുകുമാരൻ നായകനായ 'വെടിക്കെട്ടി'ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. 'വെടിക്കെട്ടി'ൽ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി. അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങൾ ചിത്രീകരിച്ചത്. പിന്നീടും സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നും അവസരങ്ങൾ തേടിയെത്തിയെങ്കിലും രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.