ന്യൂഡൽഹി: മുതിർന്ന ഡോക്ടർമാരുടെയും ഫാക്കൽറ്റി അംഗങ്ങളുടെയും മേൽനോട്ടത്തിൽ കൊവിഡ് മാനേജ്‌മെന്റ് ചുമതലകൾക്കായി മെഡിക്കൽ ഇന്റേണുകളെ വിന്യസിക്കാമെന്ന് കേന്ദ്ര സർക്കാർ. കൊവിഡിനെതിരായ പോരാട്ടത്തിൽ മനുഷ്യശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളെ ടെലി-കൺസൾട്ടേഷൻ സേവനങ്ങൾക്കും ഫാക്കൾറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ ഗുരുതരമല്ലാത്ത കൊവിഡ് കേസുകൾ നിരീക്ഷിക്കുന്നതിനും വിനിയോഗിക്കാമെന്നും കേന്ദം വ്യക്തമാക്കി.
അതേസമയം നീറ്റ്-പിജി മെഡിക്കൽ എൻട്രൻസ് പരീക്ഷകൾ കുറഞ്ഞത് നാലു മാസത്തേക്ക് മാറ്റിവച്ചു. ആഗസ്റ്റ് 31നു മുൻപ് പരീക്ഷകൾ നടത്തില്ല. രജിസ്റ്റർ ചെയ്ത പരീക്ഷാർത്ഥികൾക്ക് പുനഃക്രമീകരിച്ച പരീക്ഷ നടക്കുന്നതിന് ഒരു മാസം മുൻപ് നോട്ടീസ് നൽകും. പരീക്ഷ മാറ്റിവയ്ച്ചതിലൂടെ യോഗ്യതയുളള ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും കൊവിഡ് ഡ്യൂട്ടിക്ക് ലഭ്യമാകുമെന്ന് കേന്ദ്രം അറിയിച്ചു.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം തീരുമാനങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. രോഗികൾക്കാവശ്യമായ മരുന്നുകൾ, മെഡിക്കൽ ഓക്സിജൻ, ആശുപത്രി കിടക്കകൾ എന്നിവ പോലെ തന്നെ പരീശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവും രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്.