ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ഷെഫീൽഡ് യുണൈറ്റഡിനെതിരേ ടോട്ടൻഹാം ഹോട്‌സ്പറിന് എതിരില്ലാത്ത നാലുഗോളുകളുടെ തകർപ്പൻ വിജയം. ടോട്ടനത്തിന്റെ വിജയം.ഹാട്രിക്ക് നേടിയ സൂപ്പർ താരം ഗാരേത് ബെയ്‌ലിന്റെ മിന്നുന്ന ഫോമിന്റെ ബലത്തിലാണ് ടോട്ടനം വിജയമാഘോഷിച്ചത്. ഈ സീസണിൽ ബെയ്‌ലിന്റെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ആദ്യ നാലിലെത്താനുള്ള ടോട്ടനത്തിന്റെ ശ്രമത്തിന് വേഗതയേറി.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 36-ാം മിനിട്ടിൽ ബെയ്ൽ ആദ്യഗോൾ നേടി. രണ്ടാം പകുതിയിലാണ് ബാക്കി ഗോളുകൾ പിറന്നത്. 61-ാം മിനിട്ടിൽ ലോംഗ് റേഞ്ചറിലൂടെ ബെയ്ൽ ലീഡുയർത്തി. പ്രീമിയർ ലീഗിൽ ബെയ്‌ലിന്റെ 50-ാം ഗോളായിരുന്നു ഇത്. 69-ാം മിനിട്ടിലാണ് ഹാട്രിക്ക് തികച്ചത്. 77-ാം മിനിട്ടിൽ സൺ ഹ്യൂംഗ് മിൻ നാലാം ഗോൾ നേടി.
ഈ വിജയത്തോടെ ടോട്ടനം പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. 34 മത്സരങ്ങളിൽ നിന്ന് 56 പോയിന്റാണ് ടോട്ടനത്തിനുള്ളത്. 80 പോയിന്റുമായി ഒന്നാമത് നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റി കിരീടമുറപ്പിച്ചു കഴിഞ്ഞു. ഹോസെ മൗറീന്യോ പുറത്തായതിനുശേഷം താത്കാലിക കോച്ചായി സ്ഥാനമേറ്റ റയാൻ മേസണ് കീഴിലുളള ടോട്ടനത്തിന്റെ രണ്ടാം വിജയമാണിത്.
പ്രതിഷേധം : മത്സരം മാറ്റി
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധത്തെത്തുടർക്ക് കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരം മാറ്റിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകളായ ഗ്ളേസർ കുടുംബത്തിനെതിരെയായിരുന്നു പ്രതിഷേധം.അടുത്തിടെ യൂറോപ്യൻ സൂപ്പർ ലീഗ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഗ്ളേസർ കുടുംബത്തിനെതിരെ ആരാധക രോഷമുയർന്നിരുന്നു. ലിവർപൂളിനെതിരായ മത്സരത്തിന് മുമ്പ് പ്രതിഷേധ പ്രകടനമായെത്തിയ ആരാധകർ ഗ്രൗണ്ട് കയ്യേറി. ചരിത്രത്തിലാദ്യമായാണ് ആരാധകപ്രതിഷേധത്തെത്തുടർന്ന് ഒരു പ്രിമിയർ ലീഗ് മത്സരം മാറ്റുന്നത്.