കോട്ടയം: തേനിയിൽ ശൈശവ വിവാഹം. വരനും ബന്ധുക്കളും മുങ്ങി. തേനി ജില്ലയിലെ ആണ്ടിപെട്ടിയിൽ രണ്ടാഴ്ച മുമ്പായിരുന്നു വിവാഹം. വിവരം പുറത്തായതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ വീട്ടിൽ എത്തിയതോടെയാണ് വരനും മാതാപിതാക്കളും ബന്ധുക്കളും സ്ഥലം വിട്ടത്. വരനുൾപ്പെടെ എട്ടു പേർക്കെതിരെയാണ് ആണ്ടിപ്പെട്ടി പൊലീസ് കേസ് എടുത്തിട്ടുള്ളത്.
13 വയസ്സുകാരിയും 28 വയസ്സുകാരനും തമ്മിലാണ് വിവാഹം നടത്തിയത്. നരിയത്ത് എന്ന ഗ്രാമത്തിലാണ് ശൈശവ വിവാഹം നടന്നത്. ഇപ്പോഴും അവിടെ പ്രായപൂർത്തിയാവാത്തെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതായി പറയുന്നു. വരൻ ഇദയചന്ദ്രൻ, പെൺകുട്ടിയുടെയും വരന്റെയും മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കെതിരെ ആണ് കേസ് എടുത്തിട്ടുള്ളത്. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.