messi

മാഡ്രിഡ്: വലൻസിയയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് കീഴടക്കി ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗയിലെ കിരീടപ്പോരാട്ടത്തിൽ ഒട്ടും വിട്ടുകൊടുക്കാതെ പൊരുതുന്നു. ബാഴ്‌സയ്ക്കായി സൂപ്പർതാരം ലയണൽ മെസി ഇരട്ട ഗോളുകൾ നേടിയപ്പോൾ ആന്റോയിൻ ഗ്രീസ്മാൻ മൂന്നാം ഗോൾ സ്വന്തമാക്കി.

വലൻസിയയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 50-ാം മിനിട്ടിൽ ആതിഥേയരാണ് ലീഡെടുത്തത്. ഗബ്രിയേൽ പൗളിസ്റ്റ വലൻസിയയ്ക്കായി ആദ്യ ഗോൾ നേടി. എന്നാൽ ഏഴു മിനിട്ടുകൾക്ക് ശേഷം മെസി സമനില നേടി. 63-ാം മിനിട്ടിൽ ഗ്രീസ്മാൻ ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു. 69-ാം മിനിട്ടിൽ വീണ്ടും സ്‌കോർചെയ്ത മെസി ലീഡുയർത്തി. 83-ാം മിനിട്ടിൽ കാർലോസ് സോളെറിലൂടെ വലൻസിയ രണ്ടാം ഗോൾ നേടി.

ഈ വിജയത്തോടെ പോയന്റ് പട്ടികയിൽ ബാഴ്സ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 34 മത്സരങ്ങളിൽ നിന്ന് 74 പോയന്റാണ് ബാഴ്‌സയ്ക്കുള്ളത്. ഇതേ പോയന്റുള്ള റയൽ മാഡ്രിഡ് ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 76 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമത്.

അടുത്ത വാരം നിർണായകം

ലാ ലിഗയിൽ ഇത്തവണ ആര് കിരീടം നേടുമെന്നതിന്റെ വ്യക്തമായ സൂചന അടുത്ത ശനിയാഴ്ച നടക്കുന്ന ബാഴ്സലോണ- അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരത്തടെ അറിയാനാകും.