'സിപിഎം ഒരിക്കലും ഒരു സ്ത്രീയെ ഭരിക്കാൻ അനുവദിക്കില്ല'-എന്നു പറഞ്ഞുകൊണ്ടുള്ള സോഷ്യൽ മീഡിയ കമന്റിനെ വിമർശിക്കുന്ന കുറിപ്പ് ശ്രദ്ധ നേടുന്നു. തൊലിപ്പുറത്ത് മാത്രം സ്ത്രീപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരാണ് ഇത്തരം കമന്റുകളുമായി വരുന്നതെന്നും ഫെമിനിസമെന്നാൽ സ്ത്രീകൾ മാത്രം 'പയറ്റേണ്ടുന്ന' ഒന്നാണ് എന്നാണ് ഇക്കൂട്ടർ കരുതുന്നതെന്നുമാണ് കുറിപ്പെഴുതിയ സൂര്യ ഭാരതി എന്ന യുവതി കുറ്റപ്പെടുത്തുന്നത്.
സ്ത്രീപക്ഷ വാദിയായ ഒരു സ്ത്രീയിട്ട കമന്റിനെയാണ് സൂര്യ വിമർശിക്കുന്നത്. കണക്കുകളെടുത്താൽ ഏറ്റവും കൂടുതൽ സ്ത്രീ നേതാക്കൾ അധികാരത്തിലിരുന്ന ചരിത്രമുള്ള പാർട്ടിയാണ് സിപിഎമ്മെന്നും കെകെ ശൈലജ ആരോഗ്യമന്ത്രി എന്ന അധികാര സ്ഥാനം വഹിക്കുന്ന ആളാണെന്നും സൂര്യ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ത്രീപക്ഷ നിലപാടുകളുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ വിമർശിക്കുന്നവർ മറ്റ് പാർട്ടികളിലെ സ്ത്രീവിരുദ്ധ നയങ്ങളെ സൗകര്യപൂർവം കണ്ടില്ല എന്ന് നടിക്കുകയാണ് എന്നും യുവതി വിമർശിക്കുന്നു.
കുറിപ്പ് ചുവടെ:
'ഫെമിനിസ്റ്റുകളെന്ന് സ്വയം അഭിസംബോധന ചെയ്യുന്ന ചിലരെങ്കിലും കരുതിപോരുന്നത് ഫെമിനിസം സ്ത്രീകൾ മാത്രം പയറ്റേണ്ടുന്ന എന്തൊ ഫൈറ്റാണ് എന്നാണ്.
തങ്ങളിൽ തുടങ്ങിയും ഒടുങ്ങിയും സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന ഇവരുടെ വാദങ്ങൾ തൊലിപ്പുറവാദങ്ങളാകുന്നത് ഇതിനും മുൻപും പലതവണ ചർച്ചകളായിട്ടുണ്ട്.
ആർത്തവം അശുദ്ധിയാണെന്ന് ഊന്നിപറഞ്ഞാലും സ്ത്രീയല്ലെ അവർ ജയിക്കട്ടെ എന്ന് പറഞ്ഞ ഫേസ്ബുക്ക് ഫെമിനിസ്റ്റുകൾ.
സ്ത്രീകൾക്ക് മാത്രമായി പാർട്ടി വേണമെന്ന പറഞ്ഞ മറ്റൊരു കൂട്ടർ.
നയങ്ങൾകൊണ്ടും നിലപാടുകൾ കൊണ്ടും അടിമുടി സ്ത്രീവിരുദ്ധതയിൽ കുളിച്ച് നിൽക്കുന്ന പാർട്ടിയുടെ നേതാവായിട്ടും രാഹുൽ ഗാന്ധി ജയിക്കണമെന്ന് പോസ്റ്റിട്ട് ആഹ്വാനം ചെയ്യുന്ന ഫെമിനിസ്റ്റുകൾ.
ഇപ്പോൾ പിന്നെ പുതിയതും കൊണ്ടിറങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചതുകൊണ്ട് സ: കെ.കെ. ഷൈലജയാവണം മുഖ്യമന്ത്രി എന്ന്. സ: എം എം മണിക്കോ മറ്റാർക്കോ ആയിരുന്നു കൂടുതൽ ഭൂരിപക്ഷമെങ്കിലും ഇങ്ങനൊരു ആവശ്യം കൊണ്ട് ആരും വരാൻ ചാൻസില്ല എന്നത് തന്നെ എന്തുകൊണ്ട് ഇപ്പോഴിത് പറയുന്നു എന്നത് ഊഹിക്കാവുന്നതേയുള്ളു.
പുതുപ്പള്ളിയിൽ ഈസിയായി ജയിക്കുന്ന കുഞ്ഞൂഞ്ഞ് ഇത്തവണ മുക്കി വിയർത്ത് ജയിക്കുന്നത് നിങ്ങൾ കണ്ടിരുന്നൊ? തോൽക്കുമെന്നറിഞ്ഞിട്ടും ജെയ്ക്കിനെ പുതുപ്പള്ളിയിൽ നിർത്തിയ, തൃത്താലയും, നേമവും പിടിച്ചെടുത്ത പാർട്ടിയേയും, ഏതുത്തരവാദിത്വവും എണ്ണയിട്ട യന്ത്രം പോലെ നടപ്പിലാക്കുന്ന അതിന്റെ ഭാഗമായുള്ളവരെയും അളക്കാൻ തൊലിപ്പുറ അൾട്രാ ഫെമിനിസവും കൊണ്ടൊക്കെ വരാതിരിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രി ആരാവണം എന്നത് തീരുമാനിക്കാൻ ഷൈലജ സഖാവുൾപ്പെടുന്ന ഒരു പാർട്ടിയുണ്ട്. അതവിടെ തീരുമാനിക്കപ്പെടും.
CPIM സ്ത്രീകൾക്ക് ഒരിക്കലും അധികാരം നൽകില്ല എന്ന ആ സ്റ്റേറ്റ്മെന്റാണ് കൂടുതൽ കൗതുകകരം. അതും മുൻ ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ തന്നെ മെൻഷൻ ചെയ്യുന്ന കമന്റിൽ.(ലേശം...) കണക്കുകളെടുത്താൽ തന്നെയും ഏറ്റവും കൂടുതൽ സ്ത്രീനേതാക്കൾ അധികാരകസേരയിൽ ഇരുന്ന ചരിത്രമുള്ള പാർട്ടിയാണ് CPIM. ലേശമെങ്കിലും ചരിത്ര-രാഷ്ട്രീയബോധം ഉണ്ടാവുന്നത് ഗുണമേചെയ്യൂ.'
content details: woman on social media on hypocrisy of feminists.