കന്നിമുറിയിൽ നിന്ന് ഊർജം എങ്ങനെയാണ് ഒഴുകുന്നത് എന്നു പരിശോധിക്കാം. അതിശയകരമായ ശക്തി വിശേഷമാണ് കന്നിയിൽ നിന്ന് എതിർ കാന്ത ദിശയിലേക്കുളള ഒഴുക്കിന്. നേരെ ഒഴുകി ഉയർന്നും വ്യത്യസ്തമായി ഉയരം കൂട്ടിയും വടക്കു കിഴക്കേ ദിശയിലേക്കാണ് ഇത് പോകുന്നത്. മദ്ധ്യഭാഗത്തുളള വലിയ ഒഴുക്കിനൊപ്പം വശങ്ങളിൽ സംജാതമാകുന്ന ചെറിയ കണങ്ങൾ ഇടതും വലതും തിരിഞ്ഞ് പ്രധാന ഊർജ ശക്തിയിൽ ലയിക്കുന്നു.അപ്പോഴേയ്ക്കും ഒഴുക്കിന് വേഗം കൂടുകയും ഉയരം കുറയുകയും ചെയ്യുന്നു. ആ ഊർജം വടക്കു കിഴക്കേ ഭാഗത്തേയ്ക്ക് ഒഴുകി ജനാലവഴിയോ വാതിൽ വഴിയോ പുറത്തേയ്ക്ക് പോകുന്നു. ഒരു മിനിട്ടിൽ ഇത്തരത്തിൽ 50 മുതൽ 70 ഊർജ രേഖകൾ വരെ ഒഴുകിമാറുന്നതായിട്ടാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. തെക്കു പടിഞ്ഞാറു നിന്ന് ഒഴുകി വരുന്ന ഈ ഊർജ കണത്തിന് പുറത്തു പോകേണ്ടതുണ്ട്.
പുറത്ത് പോകാൻ അവിടെ ജനാലയോ കട്ടിളയോ തുറപ്പോ സംജാതമാക്കുകയും വേണം. അത്തരം തുറപ്പുകൾ ഇല്ലെങ്കിൽ അത് ദോഷങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു. തെക്കു പടിഞ്ഞാറുനിന്ന് ഒഴുകി വരുന്ന ഊർജം വീടിന്റെ മർമ്മ മേഖലയിൽ അഥവാ ബ്രഹ്മ മേഖലയിൽ അഥവാ മഹാമർമ്മത്തിൽ മറ്റ് ഊർജങ്ങളുമായി കൂട്ടിമുട്ടുന്നു. തെക്കുപടിഞ്ഞാറു നിന്നു വരുന്ന ഊർജ്ജത്തിനെ തടസപ്പെടുത്താതെ മറ്റ് ഊർജങ്ങൾ ശിവലിംഗ സമാനമായി വശങ്ങളിലേയ്ക്ക് വ്യാപിച്ച് മധ്യഭാഗത്ത് ഉയർന്ന് തുടർച്ചയായി നിലം പതിച്ച് പൊയ്ക്കൊണ്ടേയിരിക്കുന്നു. വീടിന്റെ മധ്യഭാഗത്തായി നിർമ്മാണമോ, ഭിത്തിയോ കോണിപ്പടിയോ ഒക്കെ വന്നാൽ ഈ പ്രക്രീയ നടക്കാതെയാവും . ഒഴുകി വരുന്ന ഊർജങ്ങൾക്ക് അപ്രതീക്ഷിതമായ കേന്ദ്രങ്ങളിലേയ്ക്ക് മാറി മറിഞ്ഞ് പോകേണ്ടിവരുന്നു. അങ്ങനെ വന്നാൽ വ്യക്തിയുടെയോ കുടുബത്തിന്റെയോ മൊത്തം നിലനിൽപിനെ അപ്രതീക്ഷിതമായ സംഭവങ്ങളാൽ സ്വാധീനിക്കപ്പെടും. നേരെ ഊർജമൊഴുകാത്ത കാലത്തോളം അസ്ഥിരത ജീവിതത്തെ ബാധിക്കും.
തെക്കു പടിഞ്ഞാറെ മുറിയിൽ കട്ടിള വയ്ക്കുമ്പോൾ ആ മുറിയുടെ വടക്ക് കിഴക്ക് ഭാഗത്തു തന്നെ വയ്ക്കണം.അപ്പോൾ അതുവഴി ആ ഊർജം നേർ എതിർ കാന്ത ദിശയിലെത്തും. അവിടെ ജനാലയുണ്ടാവുകയോ വീടിന്റെ പ്രധാന വാതിൽ വയ്ക്കുകയോ ചെയ്താൽ അത് പുറത്തു പോവുകയും ചെയ്യും. ഊർജംപോകാൻ മാർഗമില്ലെങ്കിൽ അത് പുറത്തു പോകാനുള്ള മാർഗം തേടും. ഏകദേശം പത്തടിവരെ ഇത് വഴിനോക്കി ഉയരാം. ഇത് തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കും. ഊർജത്തിന് പുറത്ത് പോകാൻ കഴിയാതെയും വരും. അങ്ങനെയാവുമ്പോൾ ആ ഭാഗം പതുക്കെ പൊട്ടിത്തുടങ്ങുകയോ അവിടെ ഭിത്തി പൊട്ടുന്നതു പോലെ വിള്ളൽ പ്രത്യക്ഷപ്പെടുകയോ ചെയ്യാറുണ്ട്. സിമന്റ് തേച്ചതിലുളള കുഴപ്പമാണെന്ന് പറഞ്ഞ് ആളുകൾ അവിടെ വീണ്ടും പ്ലാസ്റ്ററിംഗ് നടത്താറുണ്ട്.പക്ഷേ വീണ്ടും അവിടെ വിള്ളൽ പ്രത്യക്ഷപ്പെടാറുണ്ട്.
എന്നാൽ ഊർജം ഒഴുകിപ്പോകാനുള്ള വഴിയായി അഞ്ച് ഡിഗ്രി ചരിവെങ്കിലും ഉണ്ടെങ്കിൽ ഭിത്തികളിൽ പൊട്ടൽ ഉണ്ടാവാറില്ലെന്നതും ശ്രദ്ധേയമാണ്. വയനാട്, മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലെ ചില പുരാതന വീടുകളിൽ വടക്കു കിഴക്ക് ഭാഗത്തായി തടികളിൽ ഭിത്തികളിൽചേർത്തു വച്ചിട്ടുളള പർഗോള കാണാനിടയായി. തികച്ചും അത്ഭുതമാണ് തോന്നിയത്. എതിർ കാന്തത്തെ പുറത്ത് വിടാനുള്ള ഏറ്റവും ശ്രദ്ധേയമായ മാർഗമാണിത്. അവിടെ അറപ്പുര പണിത വീടുകളിൽ പോലും വടക്കുകിഴക്ക് ഭാഗത്ത് തടിയിൽ പർഗോള കണ്ടു. അത്തരം പുരാതന തറവാട്ടുകളിൽ അടുക്കള തെക്കുകിഴക്കു തന്നെ സ്ഥാപിച്ചതും ഊർജശക്തിയുടെ പൊരുൾ ഉൾക്കൊണ്ട ഋഷിപ്രോക്തങ്ങളായ ഉൾക്കാഴ്ചകളാണെന്ന് സമ്മതിച്ചേ പറ്റൂ. ആ വീട്ടിലുളളവരെല്ലാം വളരെ ഉന്നത നിലയിൽ ജീവിക്കുന്നതായും ബോധ്യപ്പെട്ടു.
( തുടരും)