cmie

മുംബയ്: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഏപ്രിലിൽ 75 ലക്ഷം പേർക്ക് തൊഴിൽ നഷ്‌ടമായെന്ന് ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ എക്കണോമിയുടെ (സി.എം.ഐ.ഇ) റിപ്പോർട്ട്. ഇതോടെ, കഴിഞ്ഞമാസം രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് നാലുമാസത്തെ ഉയരമായ എട്ടു ശതമാനത്തിലുമെത്തി. കൊവിഡ് വ്യാപന ട്രെൻഡ് വിലയിരുത്തിയാൽ വരുംമാസങ്ങളിലും തൊഴിലില്ലായ്‌മ നിരക്ക് കൂടാനാണ് സാദ്ധ്യതയെന്ന് സി.എം.ഐ.ഇ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ മഹേഷ് വ്യാസ് പറഞ്ഞു.

നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക് 9.78 ശതമാനമാണ്. ഗ്രാമങ്ങളിൽ 7.13 ശതമാനം. മാർച്ചിൽ ദേശീയ തൊഴിലില്ലായ്‌മ നിരക്ക് 6.50 ശതമാനമായിരുന്നു. അതേസമയം, കൊവിഡിന്റെ ഒന്നാംതരംഗകാലത്തെ അപേക്ഷിച്ച് തൊഴിലില്ലായ്‌മ നിരക്ക് ഇപ്പോൾ കുറവാണ്. കഴിഞ്ഞവർഷം ഏപ്രിലിൽ നിരക്ക് റെക്കാഡ് ഉയരമായ 24 ശതമാനമായിരുന്നു. പ്രതിദിനം നാലുലക്ഷത്തോളം കൊവിഡ് കേസുകളാണ് ഇന്ത്യ നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന മരണനിരക്ക് ശരാശരി 3,000ത്തോളമാണ്.