കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷം പൂജ്യരായി കാണാൻ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഞാൻ രാഷ്ട്രീയമായി അവരെ എതിര്‍ക്കുന്നു, എന്നാല്‍ അവര്‍ പൂജ്യരായി കാണാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിക്ക് പകരം ഇടതുപക്ഷം സീറ്റുകൾ നേടുന്നതാണ് നല്ലതെന്നും മമത അഭിപ്രായപ്പെട്ടു.
സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ ബെഞ്ചുകളിൽ ബി.ജെ.പിയേക്കാൾ താൻ ഇടതുപക്ഷത്തെ ഇഷ്ടപ്പെടുന്നു. ഇടതുപക്ഷത്തിന്റെ ശുഷ്‌കാന്തി ബി.ജെ.പിക്ക് അനുകൂലമായി. അവര്‍ സ്വയം വിൽപനയ്ക്ക് വച്ച് ഒരു ചിഹ്നം മാത്രമായി. ഇതിനെക്കുറിച്ച് അവര്‍ ചിന്തിക്കണമെന്നും അവർ പറഞ്ഞു. അതേസമയം 34 വർഷം ബംഗാൾ അടക്കിവാണ ഇടതു പക്ഷത്തെ അധികാരത്തിൽ നിന്നും തുടച്ചു നീക്കിയ മമയുടെ അഭിപ്രായപ്രകടനം ഇതിനോടകം ചർച്ചയായി.
സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം ആദ്യമായാണ് 294 അംഗ ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും പ്രാതിനിധ്യം ഇല്ലാതാകുന്നത്. ഏറ്റവും കൂടുതൽ കാലം സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന പാർട്ടികളുടെ സ്ഥാനം ബി.ജെ.പി കെെയ്യടക്കി. ഇത്തവണ കോണ്‍ഗ്രസും സി.പി.എമ്മും സഖ്യമായാണ് മത്സരിച്ചത്.
ഇതൊരു മഹാദുരന്തമാണ്. ഒരു സ്വേച്ഛാധിപതി മറ്റൊരു സ്വേച്ഛാധിപതിക്കെതിരെ തന്റെ വിജയം രേഖപ്പെടുത്തി. ബി.ജെ.പിയെ ചെറുക്കാൻ തൃണമൂൽ മാത്രമാണ് ഏക പോംവഴിയെന്ന് സാധാരണക്കാർ കരുതി. അബ്ബാസ് സിദ്ദിഖിയുമായുള്ള സഖ്യം പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നും റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി നേതാവ് മനോജ് ഭട്ടാചാര്യ പ്രതികരിച്ചു. അതേസമയം, ബംഗാളില്‍ വര്‍ഗീയ ചേരിതിരിവുണ്ടായതിനാലാണ് വിജയിക്കാന്‍ സാധിക്കാതിരുന്നതെന്ന് കോണ്‍ഗ്രസും സി.പി.എമ്മും പറയുന്നു.