കൊല്ലം:അഞ്ചര പതിറ്റാണ്ടിന്റെ ആത്മബന്ധമാണ് കൃഷ്ണപിള്ളയ്ക്ക് ആർ. ബാലകൃഷ്ണപിള്ളയോട്. പിള്ളയുടെ പിതാവ് കീഴൂട്ട് രാമൻപിള്ളയുടെ സഹായിയും സുഹൃത്തുമായിരുന്ന നാരായണക്കുറുപ്പിന്റെ മകനാണ് കൃഷ്ണപിള്ള. പതിനെട്ടാം വയസിലാണ് വാളകം ലക്ഷ്‌മി ഭവനിൽ കൃഷ്ണപിള്ള എത്തിയത്. ഇപ്പോൾ വയസ് എഴുപത് പിന്നിട്ടു. അന്നും ഇന്നും പിള്ളസാറിനൊപ്പം നിൽക്കുന്നതാണ് സന്തോഷമെന്ന് കൃഷ്ണപിള്ള പറയുന്നു. ആഹാരം, മരുന്ന്, കുടിക്കാനുള്ള വെള്ളം തുടങ്ങി എല്ലാം കൃത്യസമയത്ത് എടുത്തു നൽകുന്നത് കൃഷ്ണപിള്ളയാണ്. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല ഉണ്ടായിരുന്നപ്പോഴും ഇതെല്ലാം കൃഷ്ണപിള്ളയുടെ ചുമതലയായിരുന്നു.
പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്കൂളിൽ കൃഷ്ണപിള്ളയ്ക്ക് പ്യൂണായി ജോലിയും നൽകിയിരുന്നു.
സ്കൂളിൽ ജോലിക്ക് പോകാറില്ലെങ്കിലും പിള്ളയുടെ അടുക്കൽ ഹാജരാകാത്ത ദിനങ്ങൾ കുറവാണ്. ഭാര്യ വസന്തകുമാരിയെയും പിള്ളയുടെ വീട്ടിലേക്ക് കൂട്ടി. അടുക്കളപ്പണിക്ക് വേറെ ആളുകളുണ്ടെങ്കിലും വസന്തകുമാരിക്കാണ് മേൽനോട്ടം. മക്കൾ മീരയും ലക്ഷ്‌മിയും താരയും ഉയർന്ന ജോലിക്കാരായിട്ടും പിള്ളയുടെ കാര്യസ്ഥ പദവി കൃഷ്ണപിള്ളയ്‌ക്ക് അഭിമാനമായിരുന്നു. കെ.ബി. ഗണേശ് കുമാറിന് ഒന്നര വയസുള്ളപ്പോഴാണ് കൃഷ്ണപിള്ളയുടെ വരവ്. ഗണേശിനെ തോളിലിട്ട് വളർത്തിയത് കൃഷ്ണപിള്ളയാണെന്നാണ് പറയാറുള്ളത്. രോഗത്തിന്റെ അവശതകൾ മാറി പിള്ള ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു കൃഷ്ണപിള്ള.
കരിമീനുണ്ടെങ്കിൽ കൂടുതൽ കഴിക്കും
രാവിലെ ദോശ, ഇഡ്ഡലി, ചട്ണിയാണ് പിള്ളയ്ക്ക് ഇഷ്ടം. ഉച്ചയൂണിന് രസവും കണ്ണിമാങ്ങയും മോരും നിർബന്ധമാണ്. കരിമീൻ പൊള്ളിച്ചതുണ്ടെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കുമെന്ന് കൃഷ്ണപിള്ള പറയുന്നു. യാത്രപോകുമ്പോഴും ശീലങ്ങൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. വ്യായാമം ചെയ്യാറില്ല. വായനയാണ് മുഖ്യം. ദിവസവും നാല് ദിനപത്രങ്ങൾ വായിക്കും. പുസ്തക വായനയും പതിവാണ്. രാത്രിയിലാണ് അധികവും വായന.