നെയ്യാറ്റിൻകര: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ വാക്സിൻ വിതരണ കേന്ദ്രത്തിൽ നിന്ന് രോഗബാധ പിടിപെടുന്ന സാഹചര്യമാണ് വെള്ളറട സർക്കാർ ആശുപത്രിയിലുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഇവിടെ കണ്ടുവരുന്നത്. മുൻകൂട്ടി രജിസ്ടർ ചെയ്യാതെ പ്രതിരോധ വാക്സിൻ എടുക്കാമെന്ന സ്ഥിതി വന്നതോടെ ആശുപത്രിയിലെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചു. പലപ്പോഴും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് പോലും കഴിയാത്ത അവസ്ഥയാണ്. നിയന്ത്രണാതീതമായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് രോഗവ്യാപന തോത് കൂട്ടുന്നു. വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർക്കനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ല.
സാമൂഹ്യ അകലം പാലിച്ച് നിൽക്കാനുള്ള സൗകര്യങ്ങൾ ഇല്ല. സ്ഥല പരിമിതിമൂലം വാക്സിൻ എടുത്ത ശേഷം അര മണിക്കൂർ വിശ്രമിക്കാനും കഴിയുന്നില്ല.
വാക്സിനേഷൻ നൽകുന്നതിനായി ഒരു ഇടുങ്ങിയ മുറിയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. പ്രവർത്തനം തടസപ്പെടാതെ മുന്നോട്ടു പോവുക എന്നത് ജീവനക്കാർക്ക് ഒരു കീറാമുട്ടിയായി മാറിയിരിക്കുകയാണ്. അധികൃതരുടെ അലംഭാവമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ആഴ്ചയിൽ ഒരിക്കൽ മാത്രം കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന ബഹുനില കെട്ടിടം ഒഴിഞ്ഞു കിടന്നിട്ടും, മറ്രു രോഗികളെ വലയ്ക്കുന്ന തരത്തിലുള്ള സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ളത്. കൊവിഡ് വാക്സിൻ നൽക്കുന്നതിന്റെ ഭാഗമായി കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പിനുള്ള സംവിധാനം മാറ്റി സ്ഥാപിക്കുകയാണെങ്കിൽ ഈ തിരക്കിന് താൽക്കാലിക പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നാണ് പൊതുവെ ഉയർന്നു വന്ന അഭിപ്രായം.