2021 മേയ് മൂന്ന് തിങ്കളാഴ്ച പുറത്തിറങ്ങിയ കേരളകൗമുദി ദിനപത്രത്തിന്റെ മുഖ്യ തലക്കെട്ട് ക്യാപ്റ്റൻ ദ ഗ്രേറ്റ് എന്നായിരുന്നു. ജനത്തിന്റെ കൈക്കുമ്പിളിൽ സുരക്ഷിതനായി നിൽക്കുന്ന പിണറായി വിജയന്റെ വലിയ കാരിക്കേച്ചർ. ചുമന്ന കേരളം പോക്കറ്റിലാക്കി വിജയശ്രീലാളിതനായി ആണ് ക്യാപ്റ്റന്റെ നിൽപ്പ്. മാസ്റ്റ് ഹെഡിനു താഴെയായി പാറിപ്പറക്കുന്ന ചെങ്കൊടിയിൽ ചരിത്രം കുറിച്ച് തുടർ ഭരണം എന്ന വാചകം.
എൽഡിഎഫ് 99, യുഡിഎഫ് 41, എൻഡിഎ പൂജ്യം എന്ന കക്ഷി നിലയും തലക്കെട്ടിന്റെ ഭാഗമാണ്. തകർന്നടിഞ്ഞു യുഡിഎഫ്, ബിജെപി അക്കൗണ്ട് പൂട്ടി എന്നതാണ് ഒറ്റനോട്ടത്തിൽ പത്രത്തിൽ കാണാവുന്ന മറ്റ് തലക്കെട്ടുകൾ. ചരിത്രംകുറിച്ച് തുടർ ഭരണം നേടി ക്യാപ്റ്റൻ ഈ ദിവസത്തെ താരം ആകുമ്പോൾ 20 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2001 മെയ് 14 ന് പുറത്തിറങ്ങിയ കേരളകൗമുദി ദിനപത്രത്തിന്റെ ഒന്നാംപേജ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുകയായിരുന്നു. അന്ന് പിണറായിക്ക് പകരം പത്രത്തിൽ നിറഞ്ഞുനിന്നത് എ കെ ആന്റണി ആണ്. യുഡിഎഫിന് തകർപ്പൻ ജയം എന്നായിരുന്നു അന്നത്തെ മുഖ്യ വാർത്ത. വിജയികളുടെ സീറ്റ് നില കിറുകൃത്യം. യുഡിഎഫിന് 99, എൽഡിഎഫിന് 40.
20 വർഷത്തിന് ഇപ്പുറത്ത് ചരിത്രത്തിന്റെ തിരിച്ചിടൽ എന്ന കൗതുകമാണ് സോഷ്യൽ മീഡിയയിൽ ഈ പേജ് പങ്കുവെച്ച് പലരും പറഞ്ഞത്. പക്ഷേ സീറ്റ് നിലയിലെ പ്രത്യക്ഷമായ ഈ സമാനതയ്ക്ക് അപ്പുറത്ത് ഒരുപാട് കൗതുകങ്ങൾ നിറഞ്ഞിരിക്കുന്നതായിരുന്നു ഈ രണ്ട് ഒന്നാം പേജുകളും. സൂക്ഷ്മനിരീക്ഷണത്തിൽ കണ്ടെത്താവുന്ന അത്തരം കൗതുകങ്ങൾ ഇതാണ്.
ഇന്ന് ചുവന്ന കേരളത്തെ പോക്കറ്റിലാക്കി നിൽക്കുന്ന പിണറായി വിജയന് അന്നും ഒന്നാംപേജിൽ സ്ഥാനമുണ്ടായിരുന്നു. പത്രത്തിന്റെ വലതു മൂലയിൽ താഴെ രാജ്ഭവനിൽ ഗവർണർക്ക് രാജി സമർപ്പിച്ച പുറത്തിറങ്ങുന്ന മുഖ്യമന്ത്രി നായനാരുടെ ചിത്രത്തിന് സമീപമായി ചെറിയ ഒരു പെട്ടിക്കോളം വാർത്ത കാണാം. വിധി സർക്കാരിന് എതിരല്ല പിണറായി എന്നാണ് തലക്കെട്ട്. അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പ്രതികരണം ആണ് ആ വാർത്തയിൽ.
തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ദിവസം പത്രത്തിന്റെ മൂലയിലെ പെട്ടിക്കോളത്തിൽ നിന്നും 20 വർഷം കൊണ്ട് പത്രത്തിൽ നിറഞ്ഞുനിൽക്കുന്ന ചരിത്രം കുറിക്കുന്ന ക്യാപ്റ്റനായി പിണറായി വിജയൻ മാറി. അന്ന് 40 സീറ്റിൽ ഒതുങ്ങിയ ഇടതുമുന്നണി ഇന്ന് 99 സീറ്റുകൾ നേടി. അന്ന് 99 സീറ്റുകൾ നേടി അധികാരം നേടിയ ഐക്യജനാധിപത്യ മുന്നണി ഇന്ന് 41 സീറ്റുകളിൽ ഒതുങ്ങി. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാൻ ആയില്ല എന്നതാണ് 2001ലെ വാർത്ത എങ്കിൽ ബിജെപി അക്കൗണ്ട് പൂട്ടി എന്നതാണ് 2021 ലെ ഒന്നാംപേജ് വാർത്ത.
മന്ത്രിസഭയിൽ ആരൊക്കെ എന്ന സാദ്ധ്യതകളാണ് 2021 ലെ ഒന്നാം പേജിൽ ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രിയാകാൻ താല്പര്യമില്ല എന്ന കെ കരുണാകരന്റെ വാക്കുകളാണ് 2001ലെ തലക്കെട്ടിൽ. ആന്റണിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ഇത്ര ഭൂരിപക്ഷം ലഭിക്കുമോ എന്നതിൽ സംശയമുണ്ടായിരുന്നുവെന്ന ധ്വനിയും വി.എസ് രാജേഷിന് നൽകിയ എക്സ്‌ക്ലുസീവ് അഭിമുഖത്തിൽ ലീഡറുടെ മുനവച്ച വാക്കുകളിൽ ഉണ്ടായിരുന്നു.2021 ലാകട്ടെ പാർട്ടിക്കുള്ളിൽ നിന്നും വിമതശബ്ദങ്ങൾ തരിമ്പുമില്ലാതെയാണ് പിണറായി അധികാരത്തിലേറുന്നത്.
തമിഴ്നാട്ടിൽ എഡിഎംകെ, ബംഗാളിൽ ഇടതുമുന്നണി എന്ന വാർത്ത 2001 ലെ പത്രത്തിൽ വായിക്കാം.കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റയ്ക്ക് 143 സീറ്റും ഇടതുമുന്നണിക്ക് ആകെ 196 സീറ്റുമായി മൃഗീയ ഭൂരിപക്ഷമാണ് അന്ന് ബംഗാളിൽ നേടിയത്. പക്ഷേ 2021 ൽ ബംഗാളിൽ സിപിഎം വട്ടപ്പൂജ്യം ആയി മാറി എന്നത് മറ്റൊരു കൗതുകം. അഞ്ചുശതമാനത്തിൽ താഴെയാണ് ഇന്ന് ബംഗാളിൽ സിപിഎമ്മിന്റെ വോട്ട് വിഹിതം. ദീർഘകാലം ഭരണത്തിലിരുന്ന ബംഗാളിൽ ഇത്തവണ തീപ്പൊരി യുവ നേതാക്കളെ ഇറക്കിയിട്ടും ഒരു സീറ്റ് പോലും നേടാനാവാതെ സിപിഎം നേരിട്ടത് കനത്ത തിരിച്ചടിയായിരുന്നു.
തമിഴ്നാട്ടിൽ എഡിഎംകെ എന്നായിരുന്നു 2001ലെ പത്രത്തിലെ തലക്കെട്ടിൽ. ഒറ്റയ്ക്ക് നേടി ഡി.എം കെ, ഇനി സ്റ്റാലിൻ കാലം എന്നതാണ് 2021ലെ തലക്കെട്ട്. തമിഴ്നാട്ടിൽ ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യം 234ൽ 158 സീറ്റ് നേടി അധികാരത്തിലേക്ക് വരുന്ന വാർത്തയാണിത്. 125 സീറ്റ് നേടിയ ഡിഎംകെ യ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്. അണ്ണാ ഡിഎംകെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് 76 സീറ്റാണ് ലഭിച്ചത്.
അസമിലും പോണ്ടിച്ചേരിയിലും കോൺഗ്രസ് മന്ത്രിസഭയ്ക്ക് സാദ്ധ്യത എന്നതാണ് 2001ലെ പത്രത്തിലെ മറ്റൊരു തലക്കെട്ട്. 2021 മേയ് 3ലെ പത്രത്തിലെ ഏറ്റവും താഴെ വലതു മൂലയിൽ പുതുച്ചേരിയിൽ താമര വിരിഞ്ഞു ആസാമിൽ ബിജെപിയ്ക്ക് തുടർച്ച എന്ന തലക്കെട്ട് കാണാം.
2001 മെയ് 14 മുതൽ തുടർച്ചയായ മൂന്ന് ടേം കോൺഗ്രസ് ഭരിച്ച അസമിൽ കോൺഗ്രസിനെ തോൽപ്പിച്ച് ബി ജെ പി ആദ്യം അധികാരം നേടിയത് 2016 ൽ ആണ്. ഇപ്പോൾ ആ വിജയം ആവർത്തിച്ച് തുടർ ഭരണം നേടുന്ന ആദ്യ കോൺഗ്രസ് ഇതര സർക്കാർ ആയി മാറി മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേക്കുന്ന വാർത്ത 2021 ലെ പത്രത്തിൽ വായിക്കാം.
ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിച്ചിരുന്ന ഏക പ്രദേശമായ പുതുച്ചേരി കോൺഗ്രസിന് നഷ്ടമാകുന്ന കാഴ്ചയാണ് 2021 ൽ നാം കാണുന്നത്. ഇന്ന് എൻഡിഎയുടെ അക്കൗണ്ടിലേക്ക് പുതുച്ചേരി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. മുമ്പ് മത്സരിച്ചിരുന്നപ്പോഴെല്ലാം കെട്ടിവെച്ച പണം നഷ്ടപ്പെടുന്ന ബിജെപി ഇത്തവണ മൂന്നു സീറ്റിൽ വിജയിച്ചു. എൻഡിഎയ്ക്ക് 30ൽ കേവല ഭൂരിപക്ഷമായ 15 സീറ്റ് ലഭിച്ചിട്ടുണ്ട്.
ഇരുട്ടടി പരാജയങ്ങൾ ഇടിവെട്ട് വിജയങ്ങൾ എന്ന തലക്കെട്ടിൽ വിഎസ് അച്യുതാനന്ദൻ, കെ എം മാണി, ബാലകൃഷ്ണപിള്ള, ഗൗരിയമ്മ, ടിഎം ജേക്കബ്, എം വി രാഘവൻ എന്നിവരുടെ ചിത്രം 2001 ലെ പത്രത്തിൽ കാണാം.ഈ നേതാക്കളിൽ വിഎസ് അച്യുതാനന്ദൻ ഗൗരിയമ്മയും മാത്രമാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ഇന്നും ഉള്ളത്. പക്ഷേ മറ്റ് നേതാക്കളുമായി ബന്ധമുള്ള ചില വാർത്തകൾ 2021 ലെ പത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.
കെഎം മാണിയുടെ മകനായ ജോസ് കെ മാണി പാലായിൽ 15386 വോട്ടിന് മാണി സി കാപ്പനോട് തോറ്റ വാർത്ത 2021ലെ പത്രത്തിൽ ഒന്നാം പേജിൽ തന്നെയുണ്ട്.
2001 ലെ പത്രത്തിൽ ഒന്നാം പേജിൽ സ്ഥാനം പിടിച്ച കെ ബാലകൃഷ്ണപിള്ള അന്തരിച്ചത് 2021 മെയ് 3 നാണ്.അദ്ദേഹത്തിന്റെ മകൻ കെ.ബി ഗണേഷ് കുമാർ പത്തനാപുരത്ത് നിന്ന് വിജയിച്ച വാർത്ത ഇതേ ദിവസത്തെ പത്രത്തിൽ ഉണ്ട്. ടി എം ജേക്കബിന്റെ മകനായ അനൂപ് ജേക്കബ് പിറവത്തുനിന്ന് 25,344 വോട്ടിന് ഭൂരിപക്ഷത്തിന് വിജയിച്ച വാർത്തയും ഇതേ ദിവസത്തെ പത്രത്തിൽ വായിക്കാം. എം വി രാഘവന്റെ ഭാര്യ ജാനകിയമ്മ നിര്യാതയായ വാർത്ത 2021 മെയ് 3 ലെ പത്രത്തിൽ പ്രാധാന്യത്തോടെ ഉണ്ട്.
ഇങ്ങനെ ഒരുപാട് കൗതുകങ്ങൾ നിറഞ്ഞുനിൽക്കുന്നതായിരുന്നു 20 വർഷത്തിനപ്പുറവും ഇപ്പുറവും ഉള്ള കേരള കൗമുദിയുടെ ഒന്നാം പേജുകൾ.
(കാർട്ടൂണിസ്റ്റിന്റെ കണ്ണുകളിലൂടെ ഈ രാഷ്ട്രീയ സംഭവങ്ങളെ കുറിച്ചുള്ള വിവരണം വായിക്കാം അടുത്ത ലക്കം കൗമുദി ആഴ്ചപതിപ്പിൽ ടി കെ സുജിത്ത് എഴുതുന്ന 'വരയോർമ്മകളിൽ' )