
ആ വർഷം ആലിൻചുവട് ഹൈസ്കൂളിൽ എസ്.എസ്.എൽ.സിക്ക് ഒറ്റ ഫസ്റ്റ് ക്ലാസ്സാണുണ്ടായിരുന്നത്. അത് രാമഭദ്രനായിരുന്നു.ഗ്രാമോദ്ധാരണഗ്രന്ഥശാലയും ഉദയാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി നടത്തിയ ഒരു വിദ്യാഭ്യാസപരിപാടിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പീതാംബരൻ പിള്ള രാമഭദ്രന് ഉപഹാരം സമ്മാനിച്ചു. ഹെഡ്മാസ്റ്ററും ഗ്രന്ഥശാലയുടെയും ആർട്സ് ക്ലബ്ബിന്റെയും പ്രസിഡന്റുമാരും മറ്റു പലരും സംസാരിച്ചു. സദസിൽ ഗോവിന്ദൻ നായരുണ്ടായിരുന്നു.അയാളുടെ മനസിൽ സന്തോഷത്തിന്റെ അലകളിളകിക്കൊണ്ടിരുന്നു .
പ്രസംഗിച്ചവരെല്ലാം ഊന്നിപ്പറഞ്ഞ ഒരു സംഗതിയുണ്ട്. കോളേജിൽ ഫസ്റ്റ് ഗ്രൂപ്പും സെക്കൻഡ് ഗ്രൂപ്പും കിട്ടുക വളരെ ശ്രമകരമാണ്.ഫസ്റ്റ് ക്ലാസ് വാങ്ങിയതുകൊണ്ട് രാമഭദ്രന് അക്കാര്യത്തിൽ പ്രശ്നമുണ്ടാവില്ല. അതിനാൽ ഈ ഗ്രൂപ്പുകളിലേതെങ്കിലും എടുക്കണം. ഒരു ഡോക്ടറോ എൻജിനീയറോ ആവണം.
എന്നാൽ, പരീക്ഷ കഴിഞ്ഞപ്പോൾത്തന്നെ രാമഭദ്രൻ തിരുവനന്തപുരത്ത് സംസ്കൃതകോളേജിൽ അവധിക്കാല സംസ്കൃതപരിശീലനത്തിനു പോയിരുന്നു. ഭാഷ പഠിക്കണമെന്നായിരുന്നു മുമ്പേ അവന്റെ ചിന്ത. സംസ്കൃത കോളേജിൽ ചേർന്നാൽ സ്കോളർഷിപ്പായി പണം ലഭിക്കുമെന്ന് അദ്ധ്യാപകർ അവനോടു പറഞ്ഞു. വലിയ തറവാട്ടുകാരാണെങ്കിലും തന്റെ പിതാവിന് വരുമാനമാർഗങ്ങളൊന്നുമില്ലെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് സ്കോളർഷിപ്പ് കിട്ടുകയാണെങ്കിൽ അതൊരനുഗ്രഹമാകുമല്ലോ എന്നും അവൻ കരുതി. അങ്ങനെയാണ് പ്രീഡിഗ്രിക്ക് സംസ്കൃതകോളേജിൽ ചേരാനുള്ള തീരുമാനം അവനെടുത്തത്.തന്റെ തീരുമാനം അച്ഛനെ അവനറിയിച്ചു.
''പൂർണ്ണമായ മനസ്സോടെയാണോ നീ ഈ തീരുമാനമെടുത്തത്?""
ഗോവിന്ദൻ നായർ അവനോടു ചോദിച്ചു.
''അതെൽ""
എന്നായിരുന്നു അവന്റെ മറുപടി.
''അന്ന് യോഗത്തിൽ വച്ച് ഡോക്ടറും എൻജിനീയറുമൊക്കെയാവാനാണ് ആളുകൾ നിന്നെ ആശീവാദിച്ചത്. എന്നെങ്കിലുമൊരിക്കൽ ഈ ചെയ്തത് മണ്ടത്തരമാണെന്ന് നിനക്ക് തോന്നുമോ?""
''ഇല്ലച്ഛാ.""
രാമഭദ്രൻ മറുപടി പറഞ്ഞു:
"ആ മേഖലകളിൽ എനിക്ക് ഒരഭിരുചിയുമില്ല. ഭാഷ പഠിക്കാനാണെനിക്ക് താത്പര്യം.""
അങ്ങനെ രാമഭദ്രൻ സംസ്കൃതവിദ്യാർത്ഥിയായി. എന്നാൽ, അതിന്റെ പേരിൽ പഴി കേൾക്കേണ്ടിവന്നതുമുഴുവൻ ഗോവിന്ദൻ നായരായിരുന്നു. രാമഭദ്രൻ ആദ്യദിവസം കോളേജിലേക്ക് പോയിക്കഴിഞ്ഞ ഉടനേ കളത്തിൽ വീട്ടിലേക്ക് രണ്ടുപേർ സംഹാരരുദ്രരായി കടന്നുവന്നു. പദ്മാവതിയുടെ സഹോദരന്മാരായിരുന്നു അവർ. പ്രഭാകരൻ കൂടക്കൂടെ അവിടെ വരാറുണ്ട്. പക്ഷേ മൂത്ത സഹോദരൻ ഗോപിനാഥപിള്ള അപൂർവമായേ വരാറുള്ളൂ.എണ്ണമറ്റ കൃഷിയിടങ്ങൾ.നാട്ടുപ്രമാണിയെന്ന നിലയ്ക്കുള്ള വ്യവഹാരങ്ങൾ. കല്യാണങ്ങളും മരണങ്ങളും ഒന്നും വിട്ടു പോവാതെ നോക്കും. കരയോഗം പ്രസിഡന്റെന്ന നിലയിലുള്ള നൂറുകൂട്ടം കാര്യങ്ങൾ വേറെയും. അതുകൊണ്ട് സഹോദരിയുടെ വീട്ടിലേക്ക് വരണമെന്ന് വിചാരിച്ചാലും അത് മാറ്റിവയ്ക്കേണ്ടിവരും.
ഗോവിന്ദൻ നായർ അകത്തെ മുറിയിൽ 'ബ്രഹ്മസൂത്രം' വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
''ദേ ഇങ്ങുവരണം, ഇതാരാണ് വന്നിരിക്കുന്നതെന്നു നോക്കണം.""
പദ്മാവതി ഉറക്കെ വിളിക്കുന്നതുകേട്ട് ഗോവിന്ദൻ നായർ പുസ്തകമടച്ചുവച്ചിട്ട് എഴുന്നേറ്റു.
അയാൾ പൂമുഖത്തെത്തിയപ്പോൾ ഗോപിനാഥപിള്ള ചോദിച്ചു:
''ഗോവിന്ദാ, ആ രാമൻ ചെറുക്കനെവിടെപ്പോയി?""
''അവനിന്ന് കോളേജ് തുറന്നല്ലോ അളിയാ..""
ഗോവിന്ദൻ നായർ മറുപടി പറഞ്ഞു.
''ഏതു കോളേജ്?""
എടുത്തടിച്ചപോലെ ഗോപിനാഥപിള്ള ചോദിച്ചു. ആ നിമിഷം തന്നെ അവിടെ നടക്കുന്നത് റിഹേഴ്സൽ കഴിഞ്ഞ ഒരു നാടകമാണെന്ന് ഗോവിന്ദൻ നായർക്ക് ബോദ്ധ്യപ്പെട്ടു.
''സംസ്കൃത കോളേജ്.""
''ഫസ്റ്റോ സെക്കൻഡോ ഗ്രൂപ്പെടുക്കാനുള്ള മാർക്ക് അവനുണ്ടായിരുന്നല്ലോ.""
''ഉണ്ടായിരുന്നു.""
''പിന്നെന്താ അതൊന്നുമെടുക്കാത്തത്?""
''ഏതു വിഷയം എടുക്കണമെന്ന് തീരുമാനിക്കേണ്ടത് ദ്യാർത്ഥികളല്ലേ? പ്രസിദ്ധരായ ഭാഷാദ്ധ്യാപകരുണ്ടല്ലോ. അവരെന്താ ബുദ്ധിശക്തിയില്ലാത്തവരാണോ? ലോകപ്രസിദ്ധരായ സാഹിത്യകാരന്മാരില്ലേ? ഡോക്ടർമാരെയും എൻജിനിയർമാരെയുംകാൾ ലോകം അവരെ ബഹുമാനിക്കുന്നില്ലേ?""
സഹോദരീസഹോദരന്മാർ പരസ്പരം നോക്കി.
''അപ്പോൾ ചുരുക്കത്തിൽ ചെറുക്കനെ വഴി തെറ്റിച്ചത് തന്ത തന്നെയാണ്.""
''അവന് വഴിയൊന്നും തെറ്റിയിട്ടില്ല.""
ഗോപിനാഥ പിള്ള ചാടിയെഴുന്നേറ്റു.സഹോദരിയെ നോക്കി പറഞ്ഞു:
''കേട്ടല്ലോ, ഇനി ഞങ്ങൾ സംസാരിച്ചിട്ട് ഒരു കാര്യവുമില്ല.""
തിരിഞ്ഞു ഗോവിന്ദൻ നായരോട് അയാൾ തട്ടിക്കയറി.
''നിങ്ങളോ നശിച്ചു.പത്തു കാശ് വരുമാനമില്ല. ഒരു ഗതിയും പരഗതിയുമില്ല.ഇപ്പൊ ചെറുക്കനെയും കൂടെ നശിപ്പിക്കാൻ പോണു.""
അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. പ്രഭാകരനെ നോക്കി വിളിച്ചു:
''വാടാ.""
പദ്മാവതി പുറകെ ഓടിച്ചെന്നു.
''ഇരിക്കണം അണ്ണാ. കാപ്പി കുടിച്ചിട്ട് പോകാം.""
''ഒന്നും വേണ്ട.നിന്റെ തലേലെഴുത്ത് ഇങ്ങനെയായിപ്പോയി.ഇനി മറ്റേ ചെറുക്കനെയെങ്കിലും രക്ഷപ്പെടുത്താൻ പറ്റുമോന്ന് നോക്ക്.""
അവർ ചവിട്ടിമെതിച്ചു നടന്നുനീങ്ങി. ആസന്നമായ യുദ്ധത്തിന് തയാറെടുത്ത് ഗോവിന്ദൻ നായർ അവിടെത്തന്നെ നിന്നു.
******
അച്ഛൻ നഷ്ടപ്പെടുത്തിയതും താൻ വീണ്ടെടുത്തതുമായ വസ്തുക്കൾ അചിരേണ ഗോവിന്ദൻ നായരിൽ നിന്നും വഴുതിപ്പോകുകയാണുണ്ടായത്. കൃഷിയായിരുന്നു അദ്ദേഹത്തിൻറെ കർമ്മരംഗം.അതിൽ നഷ്ടങ്ങൾ വരികയും കുറെയൊക്കെ ചതികൾ നേരിടുകയും ചെയ്തു. കൃഷിയിലുള്ള ഉത്സാഹമൊക്കെ കുറേശ്ശെ കുറഞ്ഞുവന്നു. തീർത്ഥാടനങ്ങളും മതപ്രഭാഷണങ്ങളുമായി കഴിയാനായിരുന്നു അയാൾക്ക് താത്പര്യം. ഭഗവതസപ്താഹങ്ങൾ സാർവത്രികമായിട്ടില്ലാത്ത ആ കാലത്ത് അഹോരാത്രരാമായണ പാരായണമായിരുന്നു വീടുകളിലും ക്ഷേത്രങ്ങളിലും നടന്നിരുന്നത്. എവിടെ രാമായണം വായനയുണ്ടെങ്കിലും ഗോവിന്ദൻ നായരേ വന്നു ക്ഷണിക്കുമായിരുന്നു. ഈണത്തിലും അർത്ഥമറിഞ്ഞും വായന നടത്തുന്നതുകൊണ്ട് എല്ലായിടത്തും അയാൾ സ്വീകാര്യത നേടി. ഒരു പകലും രാത്രിയും ഉറക്കമൊഴിഞ്ഞു വായിച്ചുകഴിഞ്ഞാൽ ഒരു മുണ്ടും നേര്യതും കിട്ടും. പിന്നെ, എന്തെങ്കിലുമൊരു ചെറിയ തുക ദക്ഷിണയും.വിവാഹം കഴിക്കുന്ന കാലത്ത് പദ്മാവതിക്ക് കുടുംബമാഹാത്മ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിൽക്കാലത്ത് അവരുടെ സഹോദരന്മാർ വെട്ടിപ്പിടിച്ചുണ്ടാക്കിയതാണ് സ്വത്തുക്കൾ. മാത്രമല്ല, സ്ത്രീധനം ആവശ്യമില്ല എന്ന നിലപാടായിരുന്നു ഗോവിന്ദൻ നായരുടേത്. അക്കാലത്ത്, സ്ത്രീധനമായി കുറെ പണം നൽകാൻ അവർ നിർബന്ധം കാട്ടിയിട്ടും അത് നിരസിക്കുകയാണ് ഗോവിന്ദൻ നായർ ചെയ്തത്. പണമുണ്ടാക്കാനുള്ള അയാളുടെ കഴിവും താത്പര്യവും കുറഞ്ഞു കുറഞ്ഞു വന്നതോടെ പദ്മാവതി മാത്രമല്ല അവരുടെ കുടുംബക്കാരും അയാളോട് നീരസം പുലർത്താൻ തുടങ്ങി.
ഏഴെട്ടു കിലോമീറ്ററകലെ ഒരു അഹോരാത്രവായനയ്ക്ക് പോയശേഷം രാവിലെയെത്തിയ ഗോവിന്ദൻ നായർ പ്രഭാതകൃത്യങ്ങളും പ്രാതലും കഴിഞ്ഞു ചെറിയ ഒരുറക്കത്തിലേക്കു വീണു. ഈ സന്ദർഭത്തിലാണ് ഒരച്ഛനും മകളും അയാളെയന്വേഷിച്ചു വീട്ടിൽ വന്നത്.
''ആരുമില്ലേ ഇവിടെ.""
ചോദ്യം കേട്ട് പുറത്തുവന്ന പദ്മാവതിക്ക് ആദ്യം അവരെ പിടി കിട്ടിയില്ല.
''ഉം,എന്തുവേണം?""
ഇത്തിരി പരുക്കൻശബ്ദത്തിൽ തന്നെ അവർ ചോദിച്ചു.
''ഗോവിന്ദൻ നായരങ്ങുന്നില്ലേ?""
എന്ന് അച്ഛൻ ഭവ്യമായി ചോദിച്ച മാത്രയിൽ പദ്മാവതിക്ക് ആളുകളെ പിടികിട്ടി. കോപം കൊണ്ട് അവരുടെ മുഖം ചുവന്നു.
"ആരാണ്?""
എന്നൊരു ചോദ്യം അങ്ങോട്ട് തൊടുത്തുവിട്ടു.
ഏറ്റവും വിനയത്തോടെ ''ചായക്കടയിലെ വാമദേവനാണ്" എന്നയാൾ മറുപടി പറഞ്ഞു.
ഈ പെണ്ണേതാണെന്നായി ഒട്ടും മയമില്ലാത്ത അടുത്ത ചോദ്യം." മകളാണ്" എന്ന് ഭവ്യതയ്ക്ക് ഒട്ടും കുറവില്ലാതെ വാമദേവൻ മറുപടി പറഞ്ഞു.
''ഇവിടെയില്ല.""
എടുത്തടിച്ചപോലെ മറുപടി വന്നു.
വാമദേവൻ അവിശ്വസനീയതയോടെ പദ്മാവതിയെ നോക്കി.
''വായന കഴിഞ്ഞു ഇങ്ങോട്ടു വരണ കണ്ടായിരുന്നു.""
''കണ്ടോ? എന്നാ,വേറേ എങ്ങോട്ടെങ്കിലും പൊയ്ക്കാണും.""
അങ്ങനെ പറഞ്ഞിട്ട് പദ്മാവതി തിരിഞ്ഞു നടക്കാനൊരുങ്ങി.
''അങ്ങുന്ന് വരുമ്പോ ഞങ്ങള് വന്നിരുന്നൂന്ന് പറേണം.""
പദ്മാവതി ഒന്ന് മൂളി.
''എന്നാപ്പിന്നെ ഞങ്ങള്..""
''ഓ.""
പദ്മാവതി അകത്തേക്ക് കയറി വാതിൽ വലിച്ചടച്ചു.
******
വൈകുന്നേരം നീലകണ്ഠന്റെ ചായക്കടയുടെ മുൻപിൽക്കൂടി ഗോവിന്ദൻ നായർ നടന്നുപോകുമ്പോൾ പുറകിൽ നിന്നൊരു വിളി കേട്ടു:
''അങ്ങുന്നേ.""
ഗോവിന്ദൻ നായർ തിരിഞ്ഞുനോക്കി.
''ങാ , വാമദേവനോ? എന്താ വാമദേവാ?""
വാമദേവൻ ഗോവിന്ദൻ നായരുടെ മുൻപിൽ വന്ന് ഒതുങ്ങിനിന്നു.
''ഞാൻ രാവിലെ വീട്ടിൽ വന്നായിരുന്നു.""
"അതെയോ?എപ്പോ?""
"അങ്ങുന്ന് വീട്ടിലില്ലെന്ന് ഭാര്യ പറഞ്ഞു.""
''കരിപ്പൂര് ഒരു വായനയുണ്ടായിരുന്നു.നേരം വെളുത്തു, വന്നപ്പം.""
''ഇദ്ദേഹം രാവിലെ വീട്ടിലോട്ട് പോണത് കണ്ടിട്ടാണ് ഞാൻ വന്നത്.""
ഗോവിന്ദൻ നായർ ഒരു നിമിഷം ആലോചിച്ചുനിന്നു.
''ഓ.അതൊരുപക്ഷേ ഞാനുറങ്ങുന്നതു കണ്ടോണ്ടായിരിക്കും.""
ഒന്ന് നിർത്തിയിട്ട് അയാൾ ചോദിച്ചു:
''എന്തെങ്കിലും പ്രത്യേകിച്ച് കാര്യം വല്ലതും?""
''ഏയ്. മോള് ഹൈസ്കൂളിലോട്ട് പോവയല്ലേ?""
ഇദ്ദേഹത്തേക്കാണണമെന്ന് അവൾക്ക് വലിയ ആഗ്രഹം.""
''ഓ, അങ്ങനെയാണോ? കൊച്ചിപ്പം വീട്ടിലൊണ്ടോ?"
''ഒണ്ട്.""
''എന്നാ വാ,ഇപ്പത്തന്നെ നമുക്കങ്ങോട്ടുപോവാം.""
''ഇദ്ദേഹം നടന്നോ.ഞാൻ നീലാണ്ടനോട് പറഞ്ഞിട്ടുവരാം.""
ഗോവിന്ദൻ നായർ നടന്നു. രാവിലെ ഉറങ്ങാൻ കിടക്കുകയാണെങ്കിൽ എന്ത് കാര്യമുണ്ടെങ്കിലും വിളിച്ചുണർത്തണമെന്ന് ഭാര്യയോട് പ്രത്യേകം പറഞ്ഞിട്ടുണ്ടല്ലോ എന്നോർക്കുകയായിരുന്നു അയാൾ. വാമദേവൻ വേഗത്തിൽ നടന്ന് കൂടെച്ചേർന്നു.കുശലങ്ങളും മറുപടിയുമായി അവർ വാമദേവന്റെ കുടിലിലെത്തി. മുറ്റത്തേക്ക് കാലെടുത്തുവയ്ക്കുമ്പോൾ വാമദേവൻ വിളിച്ചു:
"മോളേ ...""
''എന്താച്ഛാ""...
ജാനകി ഓടിവന്നു. ഗോവിന്ദൻ നായരെക്കണ്ട് ഭവ്യതയോടെ തൊഴുതുനിന്നു.
''അകത്തുകയറിയിരിക്കണം അങ്ങുന്നേ.""
അകത്തുണ്ടായിരുന്ന ഏകകസേരയിൽ ഉപവിഷ്ടനായപ്പോൾ ഗോവിന്ദൻ നായർ ജാനകിയോടു ചോദിച്ചു:
''എന്താ മോളേ , നീയെന്നെ കാണാൻ വന്നത്?""
''ഹൈ സ്കൂളിൽ പഠിക്കാൻ പോകയല്ലേ? അതുകൊണ്ട്...""
അത്രയും പറഞ്ഞു അവൾ അകത്തേക്കോടി.തിരിച്ചുവന്നപ്പോൾ കൈയിൽ ഒരുചുരുൾ കടലാസുണ്ടായിരുന്നു. അത് ഗോവിന്ദൻ നായരെ ഏൽപ്പിച്ച് അവൾ അദ്ദേഹത്തിന്റെ കാലിൽതൊട്ട് നമസ്ക്കരിച്ചു. അവളുടെ ശിരസിൽ കൈവച്ച ശേഷം അയാൾ ആ ചുരുളുകൾ നിവർത്തി നോക്കി. ചിത്രങ്ങളായിരുന്നു അവയിൽ. ശ്രീകൃഷ്ണന്റെ, സരസ്വതീ ദേവിയുടെ, നിറയെ പൂത്ത ഒരു പൂമരത്തിന്റെ, അസ്തമയ സൂര്യന്റെ... അടുത്ത ചിത്രം കണ്ട ഗോവിന്ദൻ നായർ അല്ലാതെ അദ്ഭുതപ്പെട്ടു. അത് അയാളുടെ തന്നെ ചിത്രമായിരുന്നു. ക്ഷേത്രത്തിൽ ഗീതാക്ലാസ്സ് എടുത്തുകൊണ്ടിരിക്കുന്ന അയാളുടെ ചിത്രം.നല്ല മിഴിവും ഭംഗിയുമുള്ള ചിത്രം.നിർവൃതിയോടെ ആ ചിത്രം നോക്കിയിരുന്ന ഗോവിന്ദൻ നായർ മുഖമുയർത്തി ജാനകിയോടു ചോദിച്ചു:
''മോള് ഗീതാക്ലാസ്സിന് പതിവായി വരാറുണ്ടായിരുന്നു, അല്ലേ?""
അവൾ തല കുലുക്കി.
''ഇത് തരാനാണ് അവൾ വന്നത്.""
ഗോവിന്ദൻ നായരുടെ മുഖത്തെ പ്രകാശം കണ്ട് സന്തുഷ്ടനായ വാമദേവൻ പറഞ്ഞു.
******
ഒരിക്കൽ അച്ഛന്റെ മുറിയിൽ ചെന്നപ്പോൾ രാമഭദ്രൻ ചില പുതിയ ചിത്രങ്ങൾ അവിടെക്കണ്ടു. കൂട്ടത്തിൽ അച്ഛന്റെ ചിത്രവും.
''നല്ല പടങ്ങൾ.ഇതാര് വരച്ചതാ അച്ഛാ..?""
''വാമദേവന്റെ മോള് . ജാനകി.""
അവിശ്വസനീയതയോടെ രാമഭദ്രൻ ആ ചിത്രങ്ങളിലേക്ക് നോക്കി നിന്നു.
(തുടരും)