കൊച്ചി: ഹണിട്രാപ്പ് കെണികളുമായി ഫേസ്‌ബുക്കിൽ ക്രിമിനൽ സംഘങ്ങൾ സജീവമാണെന്ന വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. മെസഞ്‌ജറിലൂടെ വീഡിയോ കോൾ ചെയ്‌ത് വലയിൽ വീഴ്‌ത്തി പണം തട്ടുന്നതായിരുന്നു അവരുടെ തട്ടിപ്പ് രീതി. എന്നാൽ ഇപ്പോൾ വാട്‌സാപ്പ് വഴിയും ഇത്തരം സംഘങ്ങൾ സജീവമാകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 25 പരാതികളാണ് എറണാകുളം റൂറൽ പരിധിയിൽ ഇത്തരത്തിൽ ലഭിച്ചത്. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുളളവരെയാണ് ഇത്തരക്കാർ എളുപ്പത്തിൽ പിടികൂടുന്നത്.
പഴയ പരിചയക്കാരെന്ന ഭാവത്തിൽ സൗഹൃദം സ്ഥാപിക്കും. സ്‌കൂളിലോ കോളേജിലോ ഒന്നിച്ച് പഠിച്ചതാണെന്ന് പറയും. സംസാരിച്ച് വീഴ്‌ത്തിക്കഴിഞ്ഞാൽ പിന്നെ വാട്‌സാപ്പ് വീഡിയോകോൾ വഴി സംസാരിക്കാം എന്ന് ആവശ്യപ്പെടും. ഈ വലയിൽ വീഴുന്നവർക്ക് നേരെ ലൈംഗിക ചുവയിൽ സംസാരിച്ച് അവരോട് നഗ്നത പ്രദർശിപ്പിക്കാൻ പറയും. ഇതിൽ വീഴുന്നവരെ പിന്നീട് ഈ ചിത്രങ്ങൾ കാട്ടി ബ്ളാക്‌മെയിൽ ചെയ്യും. ഇനി അഥവാ ഇതിലൊന്നും വീണുപോകാത്തവരാണെങ്കിൽ ഇവർക്ക് നേരെ മുൻ ക്യാമറ രഹസ്യമായി ഓൺചെയ്‌ത് സെക്‌സ് വീഡിയോ കാട്ടും. പിന്നെ അതിന്റെ ചിത്രമോ വീഡിയോയോ റെക്കാഡ് ചെയ്‌ത് പ്രദർശിപ്പിക്കും. ഇത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കാൻ പോകുന്നതായി ഭീഷണിപ്പെടുത്തി പണം തട്ടും.
മുൻപ് ഇത്തരം കേസുകളിൽ പ്രതികളായിരുന്നത് വടക്കേ ഇന്ത്യക്കാരായിരുന്നെങ്കിൽ ഇപ്പോൾ ഇത്തരം ചതിയുടെ പിന്നിൽ മലയാളികൾ തന്നെയാണ്. ഫേസ്‌ബുക്കിലൂടെ അപരിചിതരായ ആളുകൾ ഫോൺ ചെയ്‌ത് നഗ്നത പ്രദർശിപ്പിക്കുന്ന തട്ടിപ്പ് വർദ്ധിച്ചതോടെ പൊലീസ് ഇവയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ പഴയ സുഹൃത്തുക്കളെന്ന ഭാവേന വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ച് വീഴ്‌ത്തുന്ന പുതിയ തട്ടിപ്പ് രീതിയാണ് ഇപ്പോൾ സംഘങ്ങൾ പിന്തുടരുകയാണ്.