ചിലപ്പോൾ എനിക്ക് തോന്നും,
എന്റെയന്റെയീ ഭ്രാന്ത് അനാവശ്യമാണെന്ന്;
എന്നെ ഞാൻ തന്നെ
എരിച്ചുകൊണ്ടിരിക്കുന്ന
നിന്നോടുള്ള എന്റെ ഭ്രാന്ത്..!
മറ്റുചിലപ്പോൾ,
ഈ ഭ്രാന്തില്ലായിരുന്നെങ്കിൽ
എനിക്ക് നിന്നെ
ഇത്രമേൽ ഭ്രാന്തമായ്
പ്രണയിച്ചുകൊണ്ടിരിക്കാൻ
കഴിയുമായിരുന്നില്ലെന്ന്
തോന്നാറുമുണ്ട്..!
ഞാനെന്താണിങ്ങനെ?; നീയും..!
നീയും ഞാനും
ഓരോ തുരുത്തുകളിലൂടെ നടക്കുമ്പോൾ
ഈ മീനച്ചൂടിലെങ്ങനെ ഒരേ കുടക്കീഴിൽ
നമ്മൾക്ക് തണൽ തേടാൻ കഴിയും?
ഇനി വരുന്ന വിഷുപ്പുലരികളിൽ
ഒരുമിച്ചിരുന്ന് പൂത്തിരി കത്തിച്ച്
ഒരുമിച്ചൊന്ന് പുഞ്ചിരിക്കാൻ കഴിയും?
ഓണത്തിനും ബക്രീദിനും ക്രിസ്തുമസിനും
ഓളങ്ങളെ തഴുകി, ചെറുകാറ്റേറ്റ് മെല്ലെ
ഒഴുകുന്ന കൊട്ടവഞ്ചിയിലിരുന്ന് നമ്മുടെ
ഓർമ്മകളുടെ തീരത്തണയാൻ കഴിയും?
പെരുന്നാളിനും പൂരത്തിനും
നിൻറെ കയ്യിൽ കരിവളകളിടുവിച്ച്,
അതിന്റെ കിലു കിലു കിലുക്കം കേട്ട്,
ഇടംകയ്യിൽ കരിമ്പിൻ കെട്ടും
വലംകയ്യിൽ കരിമ്പിനേക്കാൾ
മധുരമുള്ള നിന്നേയും ചേർത്ത്,
മിന്നി മിന്നി മറയുന്ന
മിന്നാമിന്നി കൂട്ടങ്ങൾക്കിടയിലൂടെ
മിണ്ടിയും നുള്ളിയും പിച്ചിയും
പിന്നെ,
തല്ലുകൂടിയും നടക്കൻ കഴിയും?
നീ ഓർക്കുന്നില്ലേ?
നീയും ഞാനും
ഇടത്തും വലത്തുമായി ഇരുന്നിരുന്നാ
ഇടിഞ്ഞു വീഴാറായ പള്ളിക്കൂടത്തിന്റെ
ക്ലാസ് മുറികളിൽ വീണുടഞ്ഞ
നമ്മുടെ ദീർഘനിശ്വാസങ്ങളും
നമ്മുടെ കൺകോണുകളിൽ നിന്നും
അടർന്നുവീണാ ചെമ്പനീർ പൂക്കളും..?
അന്നും ഇന്നും
തൂത്തുവാരി കളയാനാകാത്ത,
പെറുക്കിയെടുത്ത് കളയാനാകാത്ത,
തേനിലെ ചെറിപ്പഴങ്ങൾ പോലെ
തിളങ്ങി നില്കുന്ന
എത്രമാത്രം ഓർമ്മകളാണ്
എനിക്കും നിനക്കുമിടയിൽ
പൂത്തുലഞ്ഞുനില്ക്കുന്നത്..?
എന്റേയും നിന്റെയും ഉള്ളിലെ
മഴപ്പെയ്ത്തുകളൊഴിയുമ്പോൾ
ആ കുന്നിൻ മുകളിലെ
മഴച്ചില്ലകളിൽ നിന്നും ഇറ്റിറ്റുവീഴുന്ന
മഴപ്പൂക്കളെ, നിന്റെ നനുത്ത
കൈക്കുമ്പിളിൽ നിറച്ചു നീ
എൻറെ വായയിൽ ചൊരിയുമ്പോൾ
നിന്നിലെ മധുരവും ആ മഴപ്പൂക്കളിൽ
നിറഞ്ഞിരുന്നത് ഇപ്പോഴും എന്നെ
കൊതിയുടെ ആകാശപരപ്പിലേക്ക്
കൊണ്ടുപോകുന്നുണ്ട്..!
നീയെന്നും പറയാറുള്ളതുപോലെ,
പ്രണയം നമ്മളെ
കാർന്നുതിന്നു കഴിഞ്ഞിരിക്കുന്നു..!
ഇനിയൊരിക്കലും
എനിക്കും നിനക്കും
ഒരു തിരിച്ചുപോക്കില്ല..!
ഈ ഭൂമിയിൽ
ഇന്നൊരു പ്രണയമുണ്ടെങ്കിൽ
അത്,
എന്റേയും നിന്റേയും ഉള്ളിലാണ്..!
നീയും ഞാനും അനാദികാലമായി
പ്രണയിച്ചുകൊണ്ടേയിരിക്കുകയാണ്...
ഒറ്റക്കൊറ്റയ്ക്കായ്...
എനിക്കും നിനക്കും മാത്രമറിയുന്ന
ഭ്രാന്തിൻ തുരുത്തുകളിലൂടെ
ഭ്രാന്തമായങ്ങനെ നടന്ന്... നടന്ന്...!
സൂര്യ