unemployment

ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം രാജ്യത്തെ ആരോഗ്യ മേഖലയെ മാത്രമല്ല തകർത്തതെന്ന് റിപ്പോർട്ടുകൾ. തൊഴിൽ മേഖലയിലും ഗുരുതരമായ തകർച്ചയാണ് അതിവേഗം പടരുന്ന കൊവിഡ് രണ്ടാംഘട്ട വ്യാപനം സൃഷ്‌ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ തൊഴിലില്ലായ്‌മ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് ഏതാണ്ട് എട്ട് ശതമാനം വരെ ഉയർന്നു. ഏപ്രിൽ മാസത്തിൽ മാത്രം 70 ലക്ഷം പേർക്കെങ്കിലും ജോലി നഷ്‌ടമായതായി പഠന റിപ്പോർട്ടുകൾ പറയുന്നു. സെന്റർ ഫോർ മോണി‌റ്റ‌റിംഗ് ഇന്ത്യൻ ഇക്കോണമി എന്ന സ്വകാര്യ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള‌ളത്.

ലോക്ഡൗണുകളാകാം ഇത്രയധികം തൊഴിൽ നഷ്‌ടത്തിന് കാരണമായതെന്നാണ് സി.എം.ഐ.ഇ മാനേജിംഗ് ഡയറക്‌ടർ മഹേഷ് വ്യാസ് അഭിപ്രായപ്പെടുന്നു. മേയ് മാസത്തിലും ഇത്തരത്തിലുള‌ള സ്ഥിതി തുടരുകയാണ്. കഴിഞ്ഞ വർഷം മാർച്ചിൽ പ്രഖ്യാപിച്ച കർശനമായ ലോക്ഡൗൺ മൂലം കൊവിഡ് നിരക്കിൽ കുറവുണ്ടായെങ്കിലും ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്‌ടമാകുകയും രാജ്യത്തെ വിപണിക്ക് വലിയ തിരിച്ചടികളുണ്ടാകുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ നിന്ന് മുക്തമായി സാമ്പത്തിക വളർച്ച രണ്ടക്കം കാണാനുള‌ള ശ്രമത്തിനിടെയാണ് രണ്ടാംഘട്ട കൊവിഡ് വ്യാപനവും വിവിധ സംസ്ഥാനങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നത്.

നിർമ്മാണ മേഖലയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപന കാലത്ത് സ്ഥിരമായി തൊഴിൽ നഷ്‌ടം സംഭവിക്കുന്നതായി ഐ‌എച്ച് എസ് മാർ‌കിറ്റ് നടത്തിയ സർവെയിൽ പറയുന്നു. നഗരമേഖലയിൽ തൊഴിലില്ലായ്‌മ അതിരൂക്ഷമാണ്. ചെറിയ തൊഴിലുകൾ ചെയ്യുന്ന ജീവനക്കാർ ഗ്രാമങ്ങളിലെ അവരുടെ വീട്ടിലേക്ക് മടങ്ങുന്നതിനാലാണിത്. നിലവിൽ തൊഴിലുള‌ള മ‌റ്റൊരു ജോലി അന്വേഷിക്കുന്നവരുടെ കണക്ക് 40 ശതമാനമായി കുറഞ്ഞു. മതിയായ വളർച്ച സൃഷ്‌ടിക്കാൻ ഇന്ത്യൻ വിപണിയ്‌ക്ക് കഴിയാത്തതാണ് രാജ്യത്ത് തൊഴിലില്ലായ്‌മ വർദ്ധിക്കാൻ കാരണമായതെന്ന് സി.എം.ഐ.ഇ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.