അന്ധനാമൊരു യാചകൻ തന്റെ
പത്നി തൻ വിരൽത്തുമ്പിലെ വെട്ടം
തൊട്ടു മെല്ലെ നടക്കുന്നു, ചുണ്ടിൽ
പൂത്തുനിൽപ്പുണ്ടൊരു മന്ദഹാസം.
ഒപ്പമുണ്ടവൾ; തൻ കണ്ണിനുള്ളിൽ
പൊൻവെളിച്ചമായ് മിന്നുന്നതെല്ലാം
തെല്ലുപോലും വിടാതെ പതിക്കായ്
കോർത്ത കയ്യാൽ പകർന്നു നൽകുന്നു!
സൂര്യനായിരം വർണങ്ങൾ വാരി
ത്തൂവി മാനത്തു വന്നു നിൽക്കുന്നതും
പൂത്തു നിൽക്കുന്ന ചെമ്പരത്തിപ്പൂ
ഞ്ചുണ്ടു വണ്ടിന്റെ ചുണ്ടിൽ മായുന്നതും
ആയിരം കളഗീതങ്ങൾ മൂളി
പ്പാറുമോരോ പതംഗഭാവങ്ങളും
കാറ്റു കൈതൊട്ടു പോകേ ചിരിക്കും
കാട്ടിലഞ്ഞിത്തളിരിന്നിളക്കവും
ഭേദഭാവങ്ങളില്ലാതെ പൂക്കും
കുഞ്ഞുതുമ്പയും പൂമരക്കാടും
പുഞ്ചിരികളാൽ ലോകം നിറയ്ക്കു
മദ്ഭുതങ്ങ,ളെന്തദ്ഭുതമല്ലേ!
തന്റെ ജീവന്റെ ജീവനു മാത്രം
കാണുവാനായ് പകർത്തിനൽകുന്നു
തേൻപുരട്ടിയ വാക്കിനാ,ലെങ്ങും
താൻ നുകർന്ന വെളിച്ചത്തെയാകെ!
അങ്ങനെ കാഴ്ച കേട്ടും പറഞ്ഞും
അന്തിയാക്കുമാ സ്‌നേഹബിന്ദുക്കൾ
എന്നുമെൻ മുന്നിലൂടെ,യീ ഗ്രാമ
വീഥി താണ്ടുന്നു, വർഷങ്ങളായി.
ഇന്നതും നോക്കി നില്‌ക്കേ, യെതിരേ
പാട്ടു പാടി വരുന്നൊരു ഭ്രാന്തി,
യന്ധനെത്തന്നെ നോക്കി നിൽക്കുന്നു
പുഞ്ചിരികൊണ്ടു പൂത്തുലയുന്നു.
'കണ്ണുകാണാത്തൊരാൾ, ചിരിയോടെ
യൊക്കെയും കണ്ടപോൽ നടക്കുന്നു
കണ്ണിനെത്തൊട്ടു കാഴ്ചയാവുന്ന
തിങ്ങനെ'യെന്നവൾ ചൂണ്ടിനിന്നു
ഭ്രാന്തുമന്ധതയാണെന്ന നേരിൻ
കൂർത്തൊരമ്പേറ്റു ഞാൻ നീറിനിൽക്കേ
എന്തൊരദ്ഭുതമെന്നവൾ, പാഞ്ഞി
ട്ടന്ധപത്നിതൻ കൈ കവരുന്നു
'അന്ധനെ കൈപിടിച്ചുനടത്തി
കാഴ്ചനൽകുന്ന സ്‌നേഹമേ നിന്നെ
കൈവിടാതെയിരിക്കട്ടെ കാലം'
എന്നു കണ്ണീരണിഞ്ഞുനിൽക്കുന്നു.
കണ്ണുകൾ, രണ്ടു പെണ്ണുങ്ങൾ,
തമ്മിൽ സങ്കടങ്ങൾ പകർന്നുനിൽക്കുന്നു.
അന്ധപത്നി, തൻ പ്രാണന്റെ കയ്യിൽ
എന്തിനോ മുറുകെപ്പിടിക്കുന്നു!