lion

ഹൈദരാബാദ്:ഇന്ത്യയിൽ ആദ്യമായി സിംഹങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്നായ ഹൈദരാബാദ് നെഹ്‌റു സുവോളജിക്കൽ പാർക്കിലെ എട്ട് സിംഹങ്ങൾക്കാണ് രോഗം. മനുഷ്യനിൽ നിന്ന് കൊറോണ വൈറസ് സിംഹങ്ങൾക്ക് പകരുന്നത് രാജ്യത്ത് ആദ്യമാണ്. മൃഗശാലയിലെ 25ലേറെ ജീവനക്കാർക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഏഷ്യൻ ഇനത്തിൽ പെട്ട നാല് ആൺസിംഹങ്ങൾക്കും നാല് പെൺസിംഹങ്ങൾക്കുമാണ് രോഗം. ഇവയുടെ നില തൃപ്തികരമാണ്. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയിൽ ന‌ടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃഗശാലയിലെ ജീവനക്കാരോട് ഉടൻ മരുന്ന് കഴിക്കാൻ ശാസ്‌ത്രജ്ഞർ നിർദ്ദേശിച്ചു. രോഗം സിംഹങ്ങളുടെ ശ്വാസകോശത്തെ ബാധിച്ചോ എന്നറിയാൻ സി.ടി സ്‌കാനിംഗ് നടത്തും

ഏപ്രിൽ 24നാണ് സിംഹങ്ങൾക്ക് ചുമ,​ മൂക്കൊലിപ്പ്,​ വിശപ്പില്ലായ്‌മ എന്നീ ലക്ഷണങ്ങൾ കണ്ടത്. വെറ്ററിനറി ഡോക്ടർമാർ മൃഗങ്ങളെ മയക്കി തൊണ്ടയിലെ സാമ്പിൾ ശേഖരിച്ച് അയയ്‌ക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതായി 29ന് തന്നെ മൃഗശാലയെ അറിയിച്ചു. തുടർന്ന് രാജ്യത്തെ എല്ലാ വന്യമൃഗ സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും കടുവാ സങ്കേതങ്ങളും അടച്ചിടാൻ ഏപ്രിൽ 30ന് കേന്ദ്ര വനം മന്ത്രാലയം നിർദ്ദേശം നൽകി.

നെഹ്റു സുവോളജിക്കൽ പാർക്ക്

380 ഏക്കർ

1,​500 ജീവികൾ

40 ഏക്ക‍ർ സിംഹ സഫാരി

മൊത്തം 12 സിംഹങ്ങൾ

ബ്രോങ്ക്സ് മൃഗശാല,​ ന്യൂയോർക്ക്

@2020 ഏപ്രിലിൽ നാല് കടുവകൾക്കും മൂന്ന് ആഫ്രിക്കൻ സിംഹങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.