
എത്ര സൂക്ഷിച്ചു നടന്നാലും കാലിൽ മുള്ളു തറച്ചെന്നു വരാം. കടൽക്കരയിൽ എത്ര ഒഴിഞ്ഞു നിന്നാലും തിരയടിച്ച് വസ്ത്രങ്ങൾ നനഞ്ഞെന്ന് വരാം. ജീവിതാനുഭവങ്ങളും അതുപോലെയാണ്. നാം അറിയാതെയും മനസറിയാതെയും അപവാദങ്ങളും കുറ്റപ്പെടുത്തലുകളും കടന്നുവരാം. മനോവിഷമങ്ങൾ ഉണ്ടാക്കിയെന്നും വരാം- ബാബുരാജ് പറഞ്ഞു കൊണ്ടിരുന്നു.
ഒരു മരണവീട്ടിൽ പല നേരത്തായി എത്തിയവരായിരുന്നു ആ സുഹൃത്തുക്കൾ. സുൾഫിക്കറും ആൽബർട്ടും ബാബുരാജും. കലാ, സാഹിത്യ, ഹൃദയമുള്ള മൂന്നു പൊലീസുകാർ ഡിഗ്രിക്ക് പഠിച്ചത് ഒരേ കോളേജിൽ ഒരേ വർഷം. പൊലീസിൽ ജോലി കിട്ടിയതും ഒരാഴ്ചത്തെ വ്യത്യാസത്തിൽ. പല പൊലീസ് സ്റ്റേഷനുകളിലാണ് ജോലി ചെയ്യുന്നതെങ്കിലും മിക്കവാറും ഫോണിൽ ബന്ധപ്പെടും. വിശേഷങ്ങൾ പങ്കുവയ്ക്കും.
രണ്ടുവർഷത്തിനുശേഷം സത്യം സൂര്യനെപ്പോലെ ഉദിച്ചു വന്ന കാര്യം ബാബുരാജാണ് പറഞ്ഞത്. സർവീസിൽ നിന്ന് വിരമിക്കും വരെ അനർഹമായി ഒന്നും സമ്പാദിക്കരുതെന്ന പക്ഷക്കാരാണ് മൂന്നു സുഹൃത്തുക്കളും.സൽപ്പേര് സമ്പാദിച്ചിട്ടാൽ വരുന്ന തലമുറയ്ക്ക് ഗുണം ചെയ്യും. പണവും സ്വർണവുമൊക്കെ വിറ്റഴിക്കും എന്ന് ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ബാബുരാജ് ഒരു ഉറ്റസുഹൃത്ത് തന്നെ കുരിശിലേറ്റിയ കാര്യം പറഞ്ഞപ്പോൾ സുഹൃത്തുക്കൾ ആകാംക്ഷയോടെ കേട്ടിരുന്നു.
രണ്ടുവർഷം മുമ്പ് സാധുവായ ഒരു കർഷകൻ കണ്ണീരോടെ സ്റ്റേഷനിലെത്തി. മുമ്പ് സ്റ്റേഷനിലൊന്നും കയറി പരിചയമില്ല എന്ന് മുഖഭാവം കണ്ടാലറിയാം. എന്തുകൊണ്ടെന്നറിയില്ല. അയാൾ ബാബുരാജിനോട് തന്റെ ദുരിതം പറഞ്ഞു. അഞ്ചുലക്ഷം രൂപ കടമായി ഒരു വട്ടിപ്പലിശക്കാരനിൽ നിന്നും വാങ്ങിയിരുന്നു. ഇളയസഹോദരിയുടെ വിവാഹ ആവശ്യത്തിന്. ഈടായി കുടുംബവീടിന്റെയും ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്തിന്റെയും ആധാരം നൽകിയിരുന്നു. മനുഷ്യപ്പറ്റില്ലാത്ത ആ പലിശക്കാരൻ തിരിമറി നടത്തി അതു വിൽക്കാൻ ശ്രമിക്കുന്നു. എങ്ങനെയെങ്കിലും രക്ഷിക്കണം. ആ കർഷകന്റെ കണ്ണീരോടെയുള്ള ഗദ്ഗദം ബാബുരാജിന്റെ മനസിൽ തറച്ചു. സർക്കിൾ ഇൻസ്പെക്ടർ ശ്രീകണ്ഠൻ നായർ നീതിന്യായവും ഉള്ളയാളാണ്. തന്റെ ഒരു ബന്ധുവാണെന്ന് പറഞ്ഞ് കർഷകന്റെ അവസ്ഥ ബാബുരാജ് അവതരിപ്പിച്ചു. സർക്കിൾ പലിശക്കാരനെ വിളിപ്പിച്ചു. ബാങ്ക് പലിശയടക്കം കൊടുക്കാമെന്ന വ്യവസ്ഥയിൽ ബാബുരാജിന്റെയും കോൺസ്റ്റബിൾ കേശവൻകുട്ടിയുടെയും മുന്നിൽ വച്ച് പ്രശ്നം ഒത്ത തീർത്തു. അനാവശ്യമായി ഒന്നിലും ഇടപെടില്ല, ഒരു നയാപൈസ കൈക്കൂലി വാങ്ങില്ല എന്ന ഉത്തമബോദ്ധ്യമുള്ളതുകൊണ്ടാണ് ബാബു രാജ് പറഞ്ഞ പ്രശ്നത്തിൽ ഇടപെട്ടതെന്ന് സർക്കിൾ കർഷകനോട് പറഞ്ഞു.
പിന്നീട് എന്തായി സുൽഫിക്കറാണ് ചോദിച്ചത്. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ വച്ച് യാദൃച്ഛികമായി ബാബുരാജ് ആ കർഷകന്റെ മകളെ കണ്ടു. നഴ്സിന്റെ യൂണിഫോമിൽ. വലിയ പരിചയമില്ലെങ്കിലും അവൾ തൊഴുകൈയോടെ അടുത്തു വന്നു. കുടുംബവിശേഷങ്ങൾ ചോദിച്ചു.പിന്നെ ചമ്മലോടെ പറഞ്ഞു, ബാബു സാർ ഇടപെട്ടില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബം കുളം തോണ്ടിയേനെ. സാറിനെന്നു പറഞ്ഞപ്പോൾ രണ്ടുലക്ഷം രൂപയേ കേശവൻ കുട്ടി സാറിനെ ഏൽപ്പിക്കാൻ കഴിഞ്ഞുള്ളൂ. ക്ഷമിക്കണം. കോടി പുണ്യം കിട്ടും സാറിന്റെ കുടുംബത്തിന്. ഫോണെടുത്ത് അപ്പോൾ തന്നെ ബാബുരാജ് കേശവൻ കുട്ടിയെ വിളിച്ചു. കോപവും ദേഷ്യവും അടക്കാനായില്ല. ഫോൺ സ്പീക്കറിലിട്ടു. ശരിക്കും ഗർജനമായിരുന്നു. എന്തൊക്കെയോ വിളിച്ചു പറഞ്ഞു. നഴ്സിന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞു തുളുമ്പിയിരുന്നു.