അബുദാബി: കൊവിഡ് കേസുകൾ അനുദിനം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. നേരത്തേ പ്രഖ്യാപിച്ചിരുന്ന വിലക്ക് ഈ മാസം 14ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്.കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കഴിഞ്ഞ മാസം 25നാണ് യാണ് യാത്രാ വിലക്ക് നിലവിൽ വന്നത്. 10 ദിവസത്തേക്കായിരുന്നു ആദ്യം വിലക്ക് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് മേയ് 14ലേക്ക് നീട്ടുകയായിരുന്നു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചവരെയും ട്രാൻസിറ്റ് വിസക്കാരെയും യുഎഇയിൽ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
എന്നാൽ യുഎഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വിസയുള്ളവർ എന്നിവർക്ക് പ്രത്യേക ഇളവുണ്ട്. ഇവർ യുഎഇയിലെത്തി പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം നിർബന്ധമായും ക്വാറന്റീനിൽ കഴിയുകയും വേണം.
യുഎഇയെ കൂടാതെ കുവൈറ്റ്, ഒമാൻ , സൗദി തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.