ന്യൂഡൽഹി: ജമ്മുകാശ്‌മീർ മുൻ ഗവർണർ ജഗ്‌മോഹൻ (94) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
സിവിൽ സർവീസ് മുൻ ഉദ്യോഗസ്ഥനായിരുന്ന ജഗ്‌മോഹൻ, നിരവധി സർക്കാർ പദവികൾ വഹിച്ചിട്ടുണ്ട്. 1984 മുതൽ 89വരെയും 1990 ജനുവരി മുതൽ മേയ് വരെയും രണ്ടു തവണ ജമ്മു കാശ്‌മീർ ഗവർണറായിരുന്നു. അഭിപ്രായ ഭിന്നതയെ തുടർന്ന് വി.പി. സിംഗ് സർക്കാർ ഗവർണർ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു.
ഗോവ ഗവർണറായിരുന്ന ജഗ്‌മോഹൻ കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. 1996ൽ ബി.ജെ.പി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, നഗരവികസനം, വിനോദസഞ്ചാരം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1971ൽ പദ്മശ്രീയും 1977ൽ പദ്മഭൂഷണും 2016ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. ജഗ് മോഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവർ അനുശോചിച്ചു.