ആലപ്പുഴ: മേള രഘുവിന്റെ യഥാർത്ഥ പേര് ശശിധരൻ എന്നാണെന്ന് അറിയാവുന്നത് അടുപ്പക്കാരായ കുറച്ചുപേർക്കു മാത്രം. ആദ്യ ചിത്രമായ മേളയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോൾ നായകവേഷമായിരുന്നു രഘുവിന്. അവസാനചിത്രവും ഒരു സൂപ്പർ സ്റ്റാറിനൊപ്പമായത് യാദൃച്ഛികമാകാം. മോഹൻലാൽ നായകനായ 'ദൃശ്യം 2' ആയിരുന്നു രഘുവിന്റെ അവസാന ചിത്രം.
ചെങ്ങന്നൂരിലെ ഇടത്തരം കുടംബത്തിലായിരുന്നു ജനനം. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു പിതാവ്. നാലുമക്കളിൽ മൂത്തയാൾ. പഠനകാലത്ത് മിമിക്രിയിലും മോണോ ആക്ടിലും തിളങ്ങി. ജീവിതഭാരം കുറയ്ക്കാൻ ഏറെനാൾ സർക്കസിൽ ജോക്കറായി. സർക്കസ് മതിയാക്കി തിരിച്ചുവരാൻ അച്ഛൻ നിർബന്ധിച്ചെങ്കിലും രഘു അവിടെ തുടർന്നു. ഒരിക്കൽ സർക്കസിനിടെ അപകടം ഉണ്ടായെങ്കിലും ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ പിന്തിരിഞ്ഞില്ല. പിന്നീട് ചേർത്തലയിലേക്ക് താമസം മാറ്റി.
1980ൽ കോഴിക്കോട്ട് സർക്കസ് കളിക്കുമ്പോഴാണ് സിനിമയിലേക്കെത്തിയത്. ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രത്തെയാണ് രഘു മേളയിൽ അവതരിപ്പിച്ചത്. മമ്മൂട്ടി വിജയൻ എന്ന കഥാപാത്രത്തെയും. സിനിമ ഹിറ്റായതോടെ ശശിധരൻ മേള രഘു എന്ന് അറിയപ്പെട്ടു. ദൃശ്യം രണ്ടിൽ നാരായണൻ കുട്ടി അവതരിപ്പിച്ച സുലൈമാന്റെ ചായക്കടയിൽ സപ്ലയർ റോളിലായിരുന്നു.
സിനിമകളിലൂടെ പ്രശസ്തി ലഭിച്ചെങ്കിലും ജീവിതമാർഗം തെളിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കടുത്തപ്പോൾ പെയിന്റിംഗ് പണിക്കിറങ്ങി. ഇതിനിടെയാണ് കഴിഞ്ഞ 16ന് വീട്ടിൽ കുഴഞ്ഞുവീണത്.