migrant

തിരുവനന്തപുരം: കൊവിഡിന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ വീണ്ടും ലോക്ക് ഡൗൺ ഉണ്ടായേക്കാമെന്ന ആശങ്കയിൽ കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ. നിലവിൽ ഞായറാഴ്ച വരെ ലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നതാണ് ഇവരെ ആശങ്കയിലാഴ്‌ത്തുന്നത്.

കഴിഞ്ഞ ലോക്ക് ‌ഡൗൺ 3.07 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച മടങ്ങിവന്നത് 49,​270 പേർ മാത്രവും. ഇപ്പോഴും സമാനമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കഴിഞ്ഞ വർഷം മടങ്ങിപ്പോയവരിൽ ഭൂരിപക്ഷവും ഇതുവരെ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

 4.34 ലക്ഷം പേർ
കഴിഞ്ഞ കൊവിഡ് കാലത്ത് തൊഴിൽ വകുപ്പ് നടത്തിയ കണക്കെടുപ്പ് പ്രകാരം 4.34 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുണ്ടായിരുന്നത്. എന്നാൽ,​ ഇതിൽ 3.07 ലക്ഷം പേരും നാട്ടിലേക്ക് മടങ്ങി. ഇനി അവശേഷിക്കുന്നത് 1.76 ലക്ഷം പേർ മാത്രമാണ്. മടങ്ങിവന്നവരും കഴിഞ്ഞ തവണ നാട്ടിലേക്ക് പോകാതിരുന്നവരുടെയും എണ്ണം അടക്കമാണിത്. കണ്ണൂർ ജില്ലയിൽ ആയിരുന്നു ഏറ്റവും കൂടുതൽ പേർ മടങ്ങിയെത്തിയത്,​ 15,​303. അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ എറണാകുളം ജില്ലയിൽ 50,​315 പേർ മടങ്ങിയപ്പോൾ തിരിച്ചെത്തിയത് 8200 പേർ മാത്രമാണ്. സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളിൽ അധികവും നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരായതിനാൽ ഇവരുടെ തിരിച്ചുപോക്ക് ഈ നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.

അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. പശ്ചിമ ബംഗാൾ,​ ഒഡിഷ, ബിഹാർ,​ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംസ്ഥാനത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ. നിരവധി പ്ളൈവുഡ് നിർമ്മാണ കമ്പനികൾ അടക്കമുള്ളവ പ്രവർത്തിക്കുന്ന എറണാകുളം ജില്ലയാണ് ഇവർക്ക് ഏറെ പ്രിയപ്പെട്ടത്. പെരുമ്പാവൂരിൽ ബംഗാളി സിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ പോലുമുണ്ട്. ഇതും അവരെ അവിടേക്ക് അടുപ്പിക്കുന്നു. എന്നാൽ,​ കൊവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതും തിരിച്ചടി ആയിട്ടുണ്ട്. പലയിടത്തും ഇപ്പോൾ തന്നെ തൊഴിലാളിക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. അതേസമയം, ദിവസവേതനക്കാർക്ക് തൊഴിൽ കുറഞ്ഞതും തിരിച്ചടിയാണ്. ജംഗ്ഷനുകളിലും മറ്റും തൊഴിൽതേടി നിൽക്കുന്നവരെ കൊവിഡ് ഭീതി കാരണം ആരും ജോലിക്ക് വിളിക്കാത്ത സ്ഥിതിയുമുണ്ട്. അന്യംസസ്ഥാന തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി പരത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൊവിഡ് സാഹചര്യം രൂക്ഷമാകുകയാണെന്നും എത്രയുംവേഗം നാട്ടിലേക്ക് മടങ്ങുകയാണ് നല്ലതെന്നുമുള്ള രീതിയിലാണ് സന്ദേശങ്ങളാണ് പ്രചരിക്കുന്നത്‌.

 പിടിച്ചുനിറുത്താൻ തീവ്രശ്രമം
ലോക്ക് ‌ഡൗൺ ഭീതിയിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചു നിറുത്താൻ തൊഴിൽ വകുപ്പ് കിണഞ്ഞു ശ്രമിച്ചു വരികയാണ്. അതിന്റെ ഭാഗമായാണ് സൗജന്യ വാക്സിനേഷനും കൊവിഡ് ചികിത്സാ സൗകര്യവും സർക്കാർ ഒരുക്കിയിട്ടുള്ളത്. മാത്രമല്ല സഹായത്തിനായി കോൾ സെന്ററുകളും തുറന്നിട്ടുണ്ട്. ഹിന്ദി,​ ഒഡിഷ,​ അസമീസ്,​ ബംഗാളി ഭാഷകൾ അറിയുന്നവരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. ഇവർ രോഗബാധിതരായാൽ ആശുപത്രി,​ ആംബുലൻസ് സേവനങ്ങൾ അടക്കമുള്ള സൗകര്യങ്ങളും ലേബർ ഓഫീസർമാർ ഇടപെട്ട് ഒരുക്കിയിട്ടുണ്ട്.