തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പറയത്തക്ക നേട്ടങ്ങളൊന്നും എൻ.ഡി.എയ്ക്ക് അവകാശപ്പെടാനില്ലെങ്കിലും അവർക്ക് ആശ്വാസം ആവുകയാണ് തൃശൂർ മണ്ഡലം. ഇത്തവണ അഞ്ചു മണ്ഡലങ്ങളിൽ മാത്രമാണ് മുന്നണിക്ക് ഇത്തവണ വോട്ടുനില വർദ്ധിപ്പിക്കാനായത്. അതിൽ പകുതിയിൽ കൂടുതൽ വോട്ടും ലഭിച്ചിരിക്കുന്നത് തൃശൂർ മണ്ഡലത്തിൽ നിന്നാണ്. സുരേഷ് ഗോപി ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാൾ 15,709 വോട്ടുകളാണ് അധികം നേടിയത്.
വോട്ടുനില വർദ്ധിപ്പിച്ച അഞ്ചു മണ്ഡലങ്ങളിൽ നിന്നും 24,485 വോട്ടുകൾ മാത്രമാണ് ബി.ജെ.പിക്ക് അധികം ലഭിച്ചത്. ഒല്ലൂരിൽ 4601, ഇരിങ്ങാലക്കുടയിൽ 3909, ചേലക്കരയിൽ 200, നാട്ടികയിൽ 66 എന്നിങ്ങനെയാണ് വോട്ടുവിഹിതം കൂടിയ മറ്റു മണ്ഡലങ്ങളിലെ കണക്കുകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മൊത്തം വോട്ടു വിഹിതത്തിൽ 37,654 വോട്ടിന്റെ കുറവാണ് ഇത്തവണ എൻ.ഡി.എയ്ക്ക് ഇണ്ടായത്. മുന്നണിക്ക് വോട്ടു ചോർന്ന മണ്ഡലങ്ങളിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്.
കയ്പ്പമംഗലത്ത് 20,975 വോട്ടാണ് ഒറ്റയടിക്ക് നഷ്ടമായത്. മണലൂരിൽ1114, ചാലക്കുടിയിൽ 8928, വടക്കാഞ്ചേരിയിൽ 4905, കൊടുങ്ങല്ലൂരിൽ 4589, കുന്നംകുളത്ത് 1492, പുതുക്കാട്ട് 940 എന്നിങ്ങനെയും വോട്ട് കുറഞ്ഞു. ഗുരുവായൂരിൽ സ്ഥാനാർത്ഥിയില്ലായിരുന്നെങ്കിലും എൻ.ഡി.എ പിന്തുണ പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് കഴിഞ്ഞ തവണത്തേക്കാൾ 19,196 വോട്ടു കുറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.സി. ശ്രീലാൽ ആണ് കയ്പ്പമംഗലത്ത് മത്സരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് വിജയം ഉറപ്പിച്ചിറങ്ങിയ എൻ.ഡി.എയ്ക്ക് അവിടെയും അടിപതറുന്ന കാഴ്ചയാണ് ഫലപ്രഖ്യാപന ദിവസം കാണാനായത്. ഒരേ ഒരു സിറ്റിംഗ് സീറ്റായ നേമവും അവർക്ക് നഷ്ടപ്പെട്ടു. രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാകട്ടെ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച വയ്ക്കാനും ആയില്ല. അതേസമയം പാർട്ടി വോട്ടുകൾ യു.ഡി.എഫിലേക്ക് പോയതായി സ്വന്തം സ്ഥാനാർത്ഥികൾ തന്നെ പരസ്യ പ്രതികരണം നടത്തിയതോടെ വെട്ടിലായിരിക്കുകയാണ് ബി.ജെ.പി നേതൃത്വം.