mar-chrysostam-

തിരുവനന്തപുരം: എല്ലാ മനുഷ്യരിലും ദൈവത്തെ കണ്ട വലിയ ഇടയനാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. പൗരോഹിത്യം മനുഷ്യനന്മക്ക്‌ മാത്രം പ്രയോഗിച്ച അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറി ജീവിച്ച അദ്ദേഹം ചിരിയേക്കാൾ ചിന്ത നിറച്ചനർമ്മങ്ങളിലൂടെ മനുഷ്യനു മാതൃകകാട്ടിയ വലിയ ഇടയനാണ്. പ്രഭാഷണത്തെ പ്രസാദമാർന്ന സർഗാത്മക കർമ്മമായി ആവിഷ്‌കരിച്ചിരുന്ന അദ്ദേഹം പ്രസംഗവേദികളിൽ നിരന്തരം ഫലിതങ്ങളുടെയും ആശയങ്ങളുടെയും സ്‌ഫോടനങ്ങൾ സൃഷ്‌ടിച്ച് കൊണ്ടേയിരുന്നു.

ദിവസം ഏഴു വേദികളിൽ വരെ പ്രധാന പ്രാസംഗികന്റെ റോളിൽ തിളങ്ങിയിരുന്ന ക്രിസോസ്റ്റം തിരുമേനി ഉദ്ഘാടകനായും അദ്ധ്യക്ഷനായും മുഖ്യപ്രഭാഷകനായും അനുഗ്രഹപ്രഭാഷകനായും കേൾവിക്കാരുടെ ഹൃദയം കവർന്നു. അൾത്താരയ്‌ക്കപ്പുറം ആൾത്തിരക്കിനിടയിൽ കഴിഞ്ഞ അദ്ദേഹം വിപുലമായ സുഹൃദ് വലയത്തിനുടമയായിരുന്നു. ഇന്ദിരാ ഗാന്ധി മുതൽ നരേന്ദ്ര മോദി വരെ, ഇ.എം.എസും കെ.കരുണാകരനും മുതൽ പിണറായി വിജയൻ വരെ. എ.പി.ജെ അബ്‌ദുൾ കലാം മുതൽ അമൃതാനന്ദമയി വരെ അങ്ങനെ ഇരവിപേരൂരിന്റെ ഇത്തിരി വട്ടത്തിൽ തുടങ്ങി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ മനുഷ്യബന്ധങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്.

കാരുണ്യ പ്രവർത്തനങ്ങൾ മുതൽ കക്ഷി രാഷ്ട്രീയം വരെ എന്തിലും ഏതിലും നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് ക്രിസോസ്റ്റമെടുത്ത നിലപാടുകൾ എന്നും സഭയ്ക്കും സമൂഹത്തിനും അതീതമായി നിന്നു. അദ്ദേഹം പലപ്പോഴും സ്വയം നർമ്മമാകാറുണ്ടായിരുന്നു. കണ്ണിറുക്കി കാണിച്ച് മുഖം നോക്കാതെ കളിയാക്കുന്ന അദ്ദേഹത്തെ കേട്ടിരിക്കുന്നവർക്ക് ഒരിക്കലും മുഷിച്ചിലുണ്ടായിരുന്നില്ല.

ക്രിസോസ്റ്റം എന്ന പേരിന്റെ അർത്ഥം സ്വർണ നാവുളളവൻ എന്നാണ്. അത് അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മീയ ജീവിതം. ക്രിസോസ്റ്റം തിരുമേനിയുടെ സാമൂഹിക ഇടപെടലുകൾക്ക് സ്വാതന്ത്യ സമരകാലത്തോളം പഴക്കമുണ്ട്. ആറന്മുള പോലുളള അവകാശ പോരാട്ടങ്ങളിൽ എന്നും ജനങ്ങൾക്കൊപ്പമായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ നിലപാട്.

രാഷ്ട്രീയം കത്തുന്ന കേരളത്തിൽ പക്ഷെ സഭയുടേയോ സമുദായത്തിന്റെയോ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഒരു വാക്ക് പോലും ക്രിസോസ്റ്റം പറഞ്ഞിട്ടുണ്ടാകില്ല. രാജ്യം പത്മഭൂഷൺ വരെ നൽകി ആദരിച്ച ആ മഹാൻ വിടപറയുന്നത് ചിരിക്കും നർമ്മത്തിനും ആത്മീയതയുണ്ടെന്ന് പൊതുസമൂഹത്തെ പഠിപ്പിച്ച ശേഷമാണ്.