petrol

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവിലയിൽ വർദ്ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരുലിറ്റർ പെട്രോളിന് 92 രൂപ 74 പൈസയും ഡീസലിന് 87 രൂപ 29 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 90 രൂപ 86 പൈസയും ഡീസലിന് 85 രൂപ 53 പൈസയുമായി ഇന്ധനവില ഉയർന്നു.

കോഴിക്കോട് 91 രൂപ 11 പൈസയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വാങ്ങാൻ 85 രൂപ 74 പൈസ നൽകണം. അസംസ്‌കൃത എണ്ണയുടെ വില കൂടിയതുകൊണ്ട്‌ വില കൂട്ടുന്നുവെന്നാണ്‌ എണ്ണ കമ്പനികളുടെ സ്ഥിരമായുളള വാദം. എന്നാൽ തിരഞ്ഞെടുപ്പുകാലത്ത് അന്താരാഷ്ട്രവിപണിയിൽ വില കുത്തനെ കൂടിയിട്ടും ഇന്ധനവില കൂട്ടിയില്ല. കഴിഞ്ഞ മാർച്ച് എട്ടിന് ക്രൂഡ് ഓയിൽ വില 71.45 ഡോളറായി ഉയർന്നിട്ടും വില കൂട്ടാത്ത കമ്പനികൾ, വില താരതമ്യേന കുറഞ്ഞ് 67.76 ഡോളറിൽ നിൽക്കുമ്പോഴാണ് ഇപ്പോൾ വില കൂട്ടിയിരിക്കുന്നത്.

2018ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 19 ദിവസവും 2017ൽ ​ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 14 ദിവസവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ആഴ്‌കളോളും വില കൂട്ടുന്നത് നിർത്തിവയ്‌ക്കുകയും പിന്നീട് തുടർച്ചയായി വില കൂട്ടുകയും ചെയ്‌തിരുന്നു. ഇപ്പോൾ 65 ദിവസം നിർത്തിവച്ചശേഷമാണ്‌ ഇന്ധനവില കൂട്ടുന്നത്.