vaccine

ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്നുമുതൽ 18 വയസിനും 44 വയസിനുമിടയിലുള‌ളവർക്ക് വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ വാക്‌സിൻ നൽകിത്തുടങ്ങിയത് വെറും ഒൻപത് സംസ്ഥാനങ്ങൾ മാത്രം. കേന്ദ്ര സർക്കാരിന് ലഭിച്ച വിവരം അനുസരിച്ച് ബാക്കിയുള‌ള 21 സംസ്ഥാനങ്ങൾ ഇനിയും വാക്‌സിൻ വിതരണം തുടങ്ങാനിരിക്കുന്നതേയുള‌ളു. കൂടുതൽ വാക്‌സിൻ ആവശ്യമായതിനാലാണ് ഈ സംസ്ഥാനങ്ങൾക്ക് വാക്‌സിനേഷൻ നടത്താനാകാത്തത്. ഈ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് കൂടുതൽ വാക്‌സിനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹി,​ മഹാരാഷ്‌ട്ര,​ഛത്തീസ്ഗഡ്,​ഗുജറാത്ത്,​ ജമ്മു കാശ്‌മീർ,​കർണാടക,​ ഒഡീഷ,​രാജസ്ഥാൻ,​ ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ 18 വയസിനും 44 വയസിനുമിടയിലുള‌ളവർക്ക് വാക്‌സിൻ നൽകിത്തുടങ്ങിയത്. ഈ സംസ്ഥാനങ്ങൾക്ക് മേയ് മാസത്തിലേക്കുള‌ള വാക്‌സിൻ കേന്ദ്രം നൽകിയിട്ടുണ്ട്.

കർണാടക,​മഹാരാഷ്‌ട്ര,​ഗുജറാത്ത്,​ രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് ലക്ഷം ഡോസ് വാക്‌സിനും,​ ഡൽഹിയിലേക്ക് നാലര ലക്ഷം ഡോസ് വാക്‌സിനുമാണ് നൽകിയത്. ജമ്മു കാശ്‌മീർ,​ഒഡീഷ,​ ഛത്തീസ്‌ഗഡ്,​ ഉത്തർ പ്രദേശ് എന്നിവിടങ്ങളിലേക്ക് നൽകിയത് ഒന്നരലക്ഷം ഡോസ് വാക്‌സിൻ ആണ്. കേന്ദ്രം ഈ സംസ്ഥാനങ്ങൾക്ക് ആകെ അനുവദിച്ചത് 22,​50,​000 വാക്‌സിൻ ഡോസുകളാണ്.

ഈ സംസ്ഥാനങ്ങളിൽ ഗുജറാത്താണ് ഏ‌റ്റവുമധികം ആളുകൾക്ക് വാക്‌സിനേഷൻ നടപ്പാക്കിയത്.1,​08, 191 ഡോസുകൾ. രാജസ്ഥാൻ 76,​151 ഡോസുകളും മഹാരാഷ്‌ട്ര 73,​714 ഡോസുകളും ഡൽഹി 40,​028 ഡോസുകളും വിതരണം ചെയ്‌തു. ഡൽഹിയ്‌ക്കൊഴികെ മ‌റ്റ് സംസ്ഥാനങ്ങൾക്ക് ഈ മാസം മുഴുവനും ആവശ്യമായ വാക്‌സിൻ സ്‌റ്റോക്കുണ്ട്.

45 വയസിന് മുകളിലുള‌ള 20 കോടി ജനങ്ങൾക്ക് കൂടി രണ്ടാം ഡോസ് വാക്‌സിൻ നൽകേണ്ടതുണ്ട്.സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഈ മാസം 70 ലക്ഷം ഡോസ് വാക്‌സിൻ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് ബയോടെക് രണ്ട് കോടി ഡോസും. രാജ്യത്താകെ 16 കോടിയിലേറെ ജനങ്ങൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. രാജ്യത്താകെ 18നും 44നുമിടയിൽ പ്രായമുള‌ള നാല് ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്.

വിവിധ സംസ്ഥാനങ്ങൾക്ക് 16.69 കോടി ഡോസ് വാക്‌സിനുകൾ നൽകിയതായും സംസ്ഥാനങ്ങളുടെ പക്കൽ ഇപ്പോഴും 75 ലക്ഷം ഡോസ് വാക്‌സിൻ അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു.വരുന്ന മൂന്ന് ദിവസത്തിനകം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 48 ലക്ഷം ഡോസ് വാക്‌സിൻ നൽകുമെന്നും കേന്ദ്രം അറിയിച്ചു.