court

അലഹബാദ് : ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരണമടയുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കേണ്ടി വരുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കൂട്ടക്കുരുതിക്ക് സമാനമാണതെന്നും കോടതി നിരീക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ ആശുപത്രികളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിലുണ്ടാവുന്ന വീഴ്ചയെ അതിശക്തമായി കോടതി വിമര്‍ശിക്കുകയും ചെയ്തു.

സമൂഹമാദ്ധ്യമങ്ങളിലടക്കം ലക്നൗലിലും മീററ്റിലും ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കാതെ 19 രോഗികള്‍ മരണപ്പെട്ടു എന്ന് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതിയെ കുറിച്ചും കോടതി ആരാഞ്ഞു.


ആശുപത്രികളില്‍ ഓക്സിജന്‍ ഉറപ്പുവരുത്തണമെന്നും, ഉദ്പാദന വിതര ശൃംഖല കാര്യക്ഷമമായി അതിനായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സങ്കീര്‍ണമായ ഹൃദയ മസ്തിഷ്‌ക ശസ്ത്രക്രിയകളടക്കം സാധാരണമായി നടത്തുന്ന തരത്തില്‍ ശാസ്ത്രം പുരോഗമിച്ച ഈ കാലഘട്ടത്തിലും നമ്മുടെ ജനങ്ങളെ എങ്ങനെ ഈ രീതിയില്‍ മരിക്കാന്‍ അനുവദിക്കുമെന്ന് കോടതി ചോദിച്ചു. സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് അടുത്ത 48 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും അധികാരികളോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലഖ്നൗ, മീററ്റ് ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ ഞായറാഴ്ച മീററ്റിലെ മെഡിക്കല്‍ കോളേജില്‍ അഞ്ച് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലക്നൗവിലെ ഗോംതി നഗറിലെ സണ്‍ ഹോസ്പിറ്റലും മീററ്റിലെ മറ്റൊരു സ്വകാര്യ ആശുപത്രിയും ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര സന്ദേശം അയച്ചിട്ടും ഭരണസംവിധാനങ്ങള്‍ പ്രാണവായു എത്തിക്കുന്നതില്‍ പരാജയപ്പെട്ടതും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതിയുടെ ഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.