ന്യൂഡൽഹി: ലഡാക്കിലെ പാംഗോംഗ് ത്‌സൊ തടാകക്കരയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിട്ട് ഇന്ന് ഒരുവർഷം പൂർത്തിയാകുകയാണ്. കൈയേറ്റം നടത്തിയ ഭാഗങ്ങളിൽ നിന്നും പിന്മാറുന്നതിന്റെ ചില സൂചനകൾ നൽകിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും അതിർത്തിയിലെ സൈനിക വിന്യാസം ചൈന ശക്തമാക്കുകയാണെന്നാണ് ലഭ്യമായ പുതിയ വിവരം.
യഥാർത്ഥ നിയന്ത്രണ രേഖയുടെ വളരെ ഉളളിലുളള പ്രദേശങ്ങളിലാണ് ചൈന സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നത്. ഇവിടെ നിന്നും പിൻവാങ്ങാൻ തങ്ങൾ ഉടനെയൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് ചൈന വ്യക്തമായ സൂചന നൽകുന്നതായാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ഈ പ്രദേശങ്ങളിലെ ശക്തമായ മഞ്ഞുകാലം കഴിഞ്ഞതോടെ മുൻപ് തയ്യാറാക്കിയ താൽക്കാലിക ഷെഡുകളും മറ്റ് നിർമ്മിതികളും മാറ്റി ആയുധങ്ങളും മറ്റും സൂക്ഷിക്കുന്ന സ്ഥലങ്ങളായും ഹെലികോപ്‌റ്റുകളും യുദ്ധത്തിന് ആവശ്യമായ മിസൈൽ വിക്ഷേപണത്തിനുളള സ്ഥിരം സ്ഥലങ്ങളായും ചൈന മാറ്റുകയാണ്. യഥാർത്ഥ നിയന്ത്രണ രേഖയുടെ 25 മുതൽ 120 കിലോമീറ്റർ പരിധിയിൽ മിസൈൽ വിക്ഷേപിക്കാനുളള സംവിധാനമാണ് അതിവേഗം ചൈന പണികഴിക്കുന്നത്.
അതിർത്തിയോട് ചേർന്നുളള തൊട്ടടുത്ത ഭാഗങ്ങളിൽ ചൈന സൈനിക വിന്യാസം നടത്തുന്നില്ല. എന്നാൽ ഇത്തരത്തിൽ ഉളളിലുളള തർക്കമുണ്ടാകാൻ ഇടയുളള സ്ഥലങ്ങളിൽ ചൈന വ്യാപക സൈനിക വിന്യാസം നടത്തുന്നതായി വിവരമുണ്ടെന്ന് ഉന്നത സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പാംഗോംഗ് ത്‌സോയോട് ചേർന്ന റുടോഗ് ഗ്രാമ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചൈന ധാരാളം സൈനിക നടപടികൾ കൈക്കൊളളുന്നുണ്ട്. കഴിഞ്ഞ വർഷം മേയ് 5,6 തീയതികളിൽ പാംഗോംഗ് ത്‌സോയിലും തുടർന്ന് മേയ് 9ന് സിക്കിമിലെ നാകു ലായിലും ചൈനീസ് സൈനികർ കടന്നുകയറാൻ ശ്രമിക്കുകയും ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ചെയ്‌തത്.
തുടർന്ന് ദിവസങ്ങളിൽ ചൈന കൂടുതൽ സൈനികരെ ഇവിടെയെത്തിച്ച് ലഡാക്കിൽ നില ശക്തിപ്പെടുത്തിയതോടെ ഇന്ത്യയും മൂന്ന് ഡിവിഷൻ സൈനികരെ ഇവിടെ വിന്യസിച്ചു. പന്ത്രണ്ടായിരത്തോളം സൈനികരടങ്ങുന്നതാണ് ഒരു ഡിവിഷൻ. പീരങ്കികൾ, ആയുധമേന്തിയ വാഹനങ്ങൾ,യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുകളുമായി ഈ മേഖലയിൽ ശക്തമായി ഇന്ത്യ നിലയുറപ്പിച്ചു.
പിന്നീട് ഇരു രാജ്യങ്ങളുടെയും സൈനിക വിഭാഗങ്ങൾ തമ്മിൽ പല തവണയായി നടന്ന സമാധാന ചർച്ചകൾക്കൊടുവിലാണ് സൈനിക വിന്യാസം കുറയ്‌ക്കാൻ ധാരണയായത്. മഞ്ഞുകാലം കഴിഞ്ഞതോടെ ചൈന കൂടുതൽ സൈനിക വിന്യാസം ആരംഭിച്ചു. യഥാർത്ഥ നിയന്ത്രണ രേഖയിലെ റോഡുകളും മറ്റ് സംവിധാനങ്ങളും വികസിപ്പിക്കുന്നതിന് പകരം ചൈന ഇപ്പോൾ തന്ത്രപ്രധാനമായ അടുത്തുളള എയർബേസുകളിൽ ബോംബർ വിമാനങ്ങൾക്കും മറ്റും ഇറങ്ങാവുന്ന തരത്തിൽ മാറ്റിയെടുക്കുന്നതായാണ് പുതിയ വിവരം.