kadakampalli-surendran-

തിരുവനന്തപുരം: രണ്ടാം വരവിൽ പിണറായി മന്ത്രിസഭയിൽ പുതുമുഖ നിരയുമായി സി പി എം പുത്തൻ രാഷ്ട്രീയ പരീക്ഷണത്തിനെന്ന് സൂചന പുറത്ത് വരുമ്പോൾ ജയിച്ച മന്ത്രിമാരിൽ ആർക്കൊക്കെ വീണ്ടും മന്ത്രിമന്ദിരങ്ങളിൽ താമസിക്കാൻ ഭാഗ്യമുണ്ടാകും? വീണ്ടും മന്ത്രിയായില്ലെങ്കിൽ ഔദ്യോഗിക വസതികൾ ഒഴിയേണ്ടിവരും. ഘടകകക്ഷി മന്ത്രിമാർക്കടക്കം വീണ്ടും മന്ത്രിയാകും എന്നുറപ്പില്ല. മത്സരിക്കാത്തവരും തോറ്റ മന്ത്രിയും വീടൊഴിയാനുള്ള ഒരുക്കത്തിലാണ്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നാട്ടിലേക്ക് പോയി. തിരുവനന്തപുരം സ്വദേശിയായ ദേവസ്വം മന്ത്രി കടകംപളളി സരേന്ദ്രൻ ഔദ്യോഗിക വസതിയൊഴിഞ്ഞു. മന്ത്രിമാർ ആരൊക്കെയെന്നറിഞ്ഞിട്ട് ഒഴിയാൻ കാത്തിരിക്കുന്നവരുമുണ്ട്. പുതിയ മന്ത്രിമാർ വരുമ്പോൾ മന്ദിരങ്ങൾ പുതുക്കണം. അതും ഉടനെ നടത്തും.

ശൈലജയ്‌ക്കൊപ്പം മൊയ്തീനും ഇളവിനു സാദ്ധ്യത

ഇന്നലത്തെ പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിസഭാ രൂപീകരണം ചർച്ചയായില്ലെങ്കിലും, ഇക്കുറി പുതുമുഖ മന്ത്രിമാരാകട്ടെ എന്നതാണ് സി.പി.എം താത്പര്യം. കെ.കെ. ശൈലജയ്ക്കും എ.സി. മൊയ്തീനും ഇളവുണ്ടായേക്കും. സി.പി.ഐയും ഇതേ ഫോർമുല സ്വീകരിച്ചാൽ പുതിയ സർക്കാർ ഏറക്കുറെ പൂർണമായും പുതുമുഖ ശോഭയുള്ളതാകും.

മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി 17ന് എൽ.ഡി.എഫ് യോഗം ചേരാൻ തീരുമാനിച്ചിരിക്കെ, സത്യപ്രതിജ്ഞയ്ക്ക് രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും. 18 ന് സംസ്ഥാന നേതൃയോഗങ്ങളുമുണ്ട്. അതിനു ശേഷം എപ്പോൾ വേണമെങ്കിലും സത്യപ്രതിജ്ഞ നടക്കാം. പിണറായി വിജയന്റെ ജന്മദിനം 24നാണ്. കഴിഞ്ഞ തവണ ജന്മദിനത്തിനു പിറ്റേന്നായിരുന്നു സത്യപ്രതിജ്ഞ.