babu

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്‌ത് സി പി എം ഹൈക്കോടതിയിലേക്ക്. കെ ബാബു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ് സി പി എമ്മിന്റെ ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അയ്യപ്പന്റെ പേരു പറഞ്ഞ് കെ ബാബു വോട്ട് പിടിച്ചെന്നാണ് തൃപ്പൂണിത്തുറയിലെ സി പി എം നേതാക്കൾ പറയുന്നത്.

1700 പോസ്റ്റൽ വോട്ടുകൾ എണ്ണാത്തതും ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് സി പി എം തീരുമാനം. കെ ബാബുവിനെ വിജയിയായി പ്രഖ്യാപിച്ച് കൊണ്ടുളള തിരഞ്ഞെടുപ്പ് വിധിക്കെതിരെ ഈയാഴ്ച തന്നെ കോടതിയെ സമീപിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.

അവസാനം വരെ വീറും വാശിയും നിറഞ്ഞു നിന്ന തൃപ്പൂണിത്തുറ മണ്ഡലത്തിലെ പോരാട്ടത്തിൽ കഷ്‌ടിച്ചാണ് ബാബു കടന്നുകൂടിയത്. അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചതിന് തെളിവായി ബോർഡുകളും കെ ബാബുവിന്റെ പ്രസംഗവും സഹിതം കോടതിയിൽ ഹാജരാക്കുമെന്നാണ് സി പി എം നേതാക്കൾ പറയുന്നത്.