
തിരുവനന്തപുരം: കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ഓക്‌സിജൻ ബെഡുകളും വെന്റിലേറ്ററുകളും നിറയുന്നു. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലാണ് ഇത്തരത്തിൽ ഐസിയുകളും വെന്റിലേറ്ററുകളും നിറയുന്നത്. സ്വകാര്യ ആശുപത്രികളിലും 85 ശതമാനം കൊവിഡ് കിടക്കകളും നിറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് ഐസിയു നിറഞ്ഞു. ഇവിടെ ഇനി നാല് വെന്റിലേറ്ററുകൾ മാത്രം അവശേഷിക്കുന്നതായാണ് വിവരം. 90 ശതമാനം ഓക്‌സിജൻ ബെഡുകളും നിറഞ്ഞു കഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലും പാരിപ്പളളി മെഡിക്കൽ കോളേജിലും സ്ഥിതി വ്യത്യസ്‌തമല്ല. പാരിപ്പളളി മെഡിക്കൽ കോളേജിൽ 52 ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണ്. 38 വെന്റിലേറ്ററുകളിൽ 26 എണ്ണം നിറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴ് ഐസിയു ബെഡ് മാത്രമാണ് ഒഴിവുളളത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 161 ബെഡുകളിൽ 138ലും ആളുണ്ട്. 429 ഓക്‌സിജൻ കിടക്കകളിൽ ഭൂരിഭാഗവും നിറഞ്ഞിരിക്കുകയാണ്. ആലപ്പുഴയിൽ 76 ഐസിയു കിടക്കയിൽ 34ലും ആളുണ്ട്.138 ഓക്‌സിജൻ കിടക്കകളും നിറഞ്ഞു. മിക്ക ആശുപത്രികളും രോഗികൾ നിറഞ്ഞതോടെ ഇനി രോഗികളെത്തിയാൽ സർക്കാർ സംവിധാനം തിരിച്ചടി നേരിടുമോയെന്ന ഭീതിയിലാണ്.
സംസ്ഥാനത്ത് രൂക്ഷമായ കൊവിഡ് സാഹചര്യം മൂലം വരും ദിവസങ്ങളിൽ ആശുപത്രി കിടക്കകൾക്കും ഐസിയുവിനും ക്ഷാമം നേരിട്ടേക്കാമെന്ന് സർക്കാർ മുൻപ് സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് കിടക്കകൾ വർദ്ധിപ്പിക്കാൻ കെ.ടി.ഡി.സിയുടെ സഹായം സർക്കാർ തേടിയിരുന്നു. കെ.ടി.ഡി.സി ഹോട്ടലുകൾ കിടത്തിചികിത്സയ്‌ക്കായി നൽകാനാണിത്. മെഡിക്കൽ ഓക്‌സിജൻ സംഭരണം തിരുവനന്തപുരത്ത് ആരംഭിച്ചതായും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.