വാരണാസി: ഉത്തർപ്രദേശിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്ത് പകുതിയിലേറെ സീറ്റുകളിൽ വിജയിച്ചത് സമാജ്‌വാദി പാർട്ടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ആകെ 40 സീറ്റുകളിൽ ഏഴിടത്ത് മാത്രമാണ് ബിജെപി വിജയിച്ചത്. ഇവിടെ 15 സീറ്റുകളിൽ എസ്.പി ജയിച്ചു. വാരണാസിക്ക് പുറമേ മഥുര,കാശി എന്നിവിടങ്ങളിലും പാർട്ടി തോൽവിയേറ്റുവാങ്ങി.
തിരഞ്ഞെടുപ്പ് നടന്ന 3050 ജില്ലാ പഞ്ചായത്തുകളിൽ 764 സീറ്റുകൾ ബിജെപി നേടി. 762ഇടങ്ങളിൽ എസ്.പി വിജയിച്ചു. 369 ഇടങ്ങളിൽ ബി.എസ്.പി ജയിച്ചു. കോൺഗ്രസിന് നേടാനായത് 80 സീറ്റുകളാണ്. സ്വതന്ത്രർ 1071 സീറ്റുകളിൽ വിജയിച്ചു. അയോദ്ധ്യയിൽ 40ൽ 24 സീറ്റുകളാണ് എസ്.പി നേടിയത്. ബിജെപിയാകട്ടെ നേടിയത് ആറ് സീറ്റുകൾ മാത്രം. ബി.എസ്.പി അഞ്ച് സീറ്റ് നേടി.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ മണ്ഡലമായ ലഖ്‌നൗവിൽ പത്തിടങ്ങളിൽ എസ്.പി വിജയിച്ചു. നാല് സീറ്റുകളിൽ ബിഎസ്‌പി വിജയിച്ചു. ഇവിടെ ബിജെപി മൂന്നിടങ്ങളിലെ വിജയിച്ചുളളൂ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂർ മണ്ഡലത്തിൽ ബിജെപി 20 ഇടങ്ങളിൽ വിജയിച്ചു. എസ്.പി 19 ഇടങ്ങളിലും സ്വതന്ത്രർ 21 ഇടങ്ങളിലും വിജയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പാർട്ടി ചിഹ്നത്തിലല്ലാതെ മറ്റ് ചിഹ്നങ്ങളിലാണ് സംസ്ഥാനത്ത് പാർട്ടി പ്രതിനിധികൾ മത്സരിക്കാറ്.