manchester-city

ചരിത്രത്തിലാദ്യമായി മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

രണ്ടാം പാദ സെമിയിൽ പാരീസ് എസ്.ജിയെ സിറ്റി കീഴടക്കിയത് 2-0ത്തിന്

രണ്ട് ഗോളുകളും നേടിയത് റിയാദ് മഹ്റേസ്

മാഞ്ചെസ്റ്റർ : യൂറോപ്യൻ ഫുട്ബാളിന്റെ ചരിത്രത്തിൽ സ്വന്തം നാമം എഴുതിച്ചേർത്ത് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തി.കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പുകളായ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയെ സെമിഫൈനലിന്റെ ഇരുപാദങ്ങളിലും ആധികാരികമായി പരാജയപ്പെടുത്തിയാണ് സിറ്റി കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ആദ്യ പാദത്തിൽ പാരീസിന്റെ ഹോംഗ്രൗണ്ടിലെത്തി 2-1ന് ജയിച്ചിരുന്നു. കഴിഞ്ഞ രാത്രി സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ സെമിഫൈനലിൽ പി.എസ്.ജി.യെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് കീഴ്‌പ്പെടുത്തിയത്. ഇതോടെ 4-1 എന്ന ഗോൾ ശരാശരിയിലാണ് ആദ്യ ഫൈനൽ പ്രവേശം. മറ്റൊരു ഇംഗ്ളീഷ് ക്ളബ് ചെൽസിയും സ്പാനിഷ് കരുത്തന്മാരായ റയൽ മാഡ്രിഡും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടത്തിലെ വിജയികളാവും ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.

രണ്ടാം പാദത്തിന്റെ ഇരു പകുതികളിലുമായി അൾജീരിയൻ മിഡ്ഫീൽഡർ റിയാദ് മഹ്‌റേസ് നേടിയ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഫൈനൽ പ്രവേശനം ആധികാരികമാക്കിയത്. പതിനൊന്ന്, 63 മിനിട്ടുകളിലായിരുന്നു മഹ്‌റേസിന്റെ ഗോളുകൾ. പരിക്കേറ്റ കിലിയൻ എംബാപെയെ കൂടാതെയിറങ്ങിയ പി.എസ്.ജിയുടെ തുറുപ്പുചീട്ട് നെയ്മർ നിറംമങ്ങിയതും ഏൻജൽ ഡി മരിയ അനാവശ്യ ചുവപ്പുകാർഡ് ഏറ്റുവാങ്ങി പുറത്തുപോയതും തിരിച്ചടിയായി.

മത്സരത്തിന്റെ തുടക്കത്തിൽ അലക്സാണ്ടർ ഷിൻചെങ്കോയുടെ ഹാൻഡ് ബോളിനെ തുടർന്ന് പി.എസ്.ജിക്ക് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചിരുന്നു. എന്നാൽ, ‘വാർ’ പരിശോധനയിൽ പന്ത് തോളിലേ തട്ടിയുള്ളൂ എന്നു കണ്ടതിനാൽ അദ്ദേഹം തീരുമാനം മാറ്റി. പിന്നീട് ക്യാപ്ടൻ മാർക്വിഞ്ഞോസ് ഒരു തവണ ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും തകർപ്പൻ ഹെഡർ ക്രോസ് ബാറിൽത്തട്ടി തെറിച്ചു. തൊട്ടുപിന്നാലെ സിറ്റി ഗോൾകീപ്പർ സ്ഥാനം തെറ്റിനിൽക്കെ എയ്ഞ്ചൽ ഡി മരിയയ്ക്ക് ലഭിച്ച അവസരം അദ്ദേഹം പുറത്തേക്കടിച്ചു കളഞ്ഞതും പി.എസ്.ജിക്ക് നിർഭാഗ്യമായി.