covid

ബാർമർ: കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ശവസംസ്‌കാരത്തിനിടെ,​ എരിയുന്ന ചിതയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മകൾ. രാജസ്ഥാനിലാണ് സംഭവം. 34കാരിയായ മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു.

രാജസ്ഥാനിലെ ബാർമർ ജില്ലാശുപത്രിയിലാണ് ദാമോദർ ദാസ് ശർദ എന്ന 73 വയസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചത്. ശർദയെ സംസ്‌കരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളിൽ ഇളയവളായ ചന്ദ്ര ശർദ ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു.

അവിടെ കൂടിയിരുന്ന ആളുകൾ ഉടൻ ചന്ദ്രയെ ചിതയിൽ നിന്ന് പുറത്തേക്ക് എടുത്തെങ്കിലും 70 ശതമാനം പൊള്ളലേറ്റിരുന്നു. യുവതിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് ജോധ്പുർ ആശുപത്രിയിലേക്ക് മാറ്റി. ദാമോദർ ദാസ് ശർദയുടെ ഭാര്യ കുറച്ചുനാൾ മുമ്പ് മരിച്ചതായും പൊലീസ് വ്യക്തമാക്കി.