ഒമ്പതുവർഷം മുമ്പായിരുന്നു മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായ ആ സന്ന്യാസിവര്യന് മുന്നിലെത്തിയത്. കൃത്യമായി പറഞ്ഞാൽ 2012 മെയ് അഞ്ചിന്.ഫിലിപ്പോസ് മാർ ക്രിസോസ്റ്രം വലിയ മെത്രാപ്പോലിത്തയുടെ വിയോഗവാർത്ത കാതുകളിലേക്ക് എത്തിയത് മറ്റൊരു മെയ് അഞ്ചിന്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിക്കുകയും കൂടുതൽ കാലം നിയമസഭാ സാമാജികനായിരിക്കുകയും ചെയ്തിട്ടുള്ള അന്തരിച്ച കെ.എം.മാണിക്ക് കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരു അനുമോദന ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇത്രയും വലിയ ഒരു വ്യക്തിയെ ആദരിക്കുന്നത് അതിനേക്കാൾ ശ്രേഷ്ഠമായൊരു വ്യക്തിത്വമാവണമെന്ന അഭിപ്രായം വന്നു. വിവിധ തുറകളിലെ പലപേരുകളിലൂടെ കടന്ന് ഒടുവിൽ ചെന്നെത്തിയത് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ സാന്നിദ്ധ്യത്തിലേക്കാണ്. ഇതറിഞ്ഞപ്പോൾ മാണിസാറിനും സന്തോഷമായി.
അങ്ങനെയാണ് തിരുമേനിയെ ക്ഷണിക്കാൻ കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാംചെമ്പകത്തിനൊപ്പം കോട്ടയത്തെ ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്രയും ഈ ലേഖകനും കൂടി മാരാമൺ കൺവെൻഷൻ നടക്കുന്ന പമ്പാനദിക്കരയിലെ അരമനയിൽ എത്തുന്നത്.
രാത്രി എട്ടുമണിയോടെ അരമനയിൽ ചെല്ലുമ്പോൾ, വൈദിക പരിവേഷത്തിൽ നിന്ന് മാറി സാധാരണ വേഷത്തിലായിരുന്നു അദ്ദേഹം.തിരുമുഖത്തു നിന്നു സ്നേഹവായ്പും ആശ്വാസവും തേടാൻ അപ്പോഴും അവിടെയുണ്ടായിരുന്നു വിശ്വാസികളുടെ ചെറിയ കൂട്ടം. എങ്കിലും വൈകാതെ ഞങ്ങൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി തന്നു. വല്ലാത്തൊരു ഊർജ്ജപ്രവാഹം നമ്മിലേക്ക് കടക്കുന്ന അനുഭൂതിയാണ് ആ സമയത്ത് അനുഭവപ്പെട്ടത്. ജീവിതത്തിൽ അദ്ദേഹം സഞ്ചരിച്ച പാതകളിലെ വ്യത്യസ്തവും കൗതുകകരവുമായ നിരവധി അനുഭവങ്ങൾ ലാളിത്യത്തോടെയും നർമ്മത്തിൽ പൊതിഞ്ഞും അദ്ദേഹം വിസ്തരിച്ചു. ഇതിനിടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പകർത്തിയ ശ്രീകുമാർ ആലപ്രയുടെ കൈയിൽ നിന്ന് കാമറ വാങ്ങി തിരുമേനി സ്വയം ഫോട്ടോഗ്രാഫറായി. സാം ചെമ്പകത്തിലിന്റെ മക്കളായ ഗ്രീഷ്മയെയും ഹേമന്തിനെയും തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു.
മെയ് 19 ന് പാലാ മുനിസിപ്പൽ ആഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും അദ്ദേഹം വളരെ നേരത്തെ എത്തി. പ്രമുഖ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ, എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരളകൗമുദി മുൻചീഫ് എഡിറ്റർ എം.എസ്.രവി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ സരസവും ദീർഘവുമായ പ്രസംഗമാണ് അദ്ദേഹം നടത്തിയത്.