വ്യക്തിഗത വായ്‌പ പുനഃക്രമീകരിക്കാം

മുംബയ്: കൊവിഡ് രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകെ, ആരോഗ്യ മേഖലയ്ക്ക് കരുത്തേകാനും പൊതുജനത്തിന് ആശ്വാസം പകരാനും പദ്ധതികളുമായി റിസർവ് ബാങ്ക്. ആരോഗ്യ മേഖലയ്ക്ക് 50,000 കോടി രൂപയുടെ കുറഞ്ഞ പലിശയ്ക്ക് വായ്‌പാ പാക്കേജ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി മൂന്നുവർഷക്കാലാവധിയിൽ ബാങ്കുകളാണ് വായ്‌പ അനുവദിക്കുക. റിപ്പോ നിരക്ക് അടിസ്ഥാനമായുള്ള വായ്‌പ 2022 മാർച്ച് 31നകം നേടാം.

വാക്‌‌സിൻ നിർമ്മാതാക്കൾ, മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിക്കാർ, വിതരണക്കാർ, ആശുപത്രികൾ, ഡിസ്‌പെൻസറികൾ, പത്തോളജി ലാബുകൾ, ഓക്‌സിജൻ ഉത്പാദകർ, വെന്റിലേറ്റർ നിർമ്മാതാക്കൾ, വാക്‌സിന്റെയും കൊവിഡ് മരുന്നിന്റെയും ഇറക്കുമതിക്കാർ, ഉത്‌പന്ന വിതരണക്കാർ എന്നിവർക്കാണ് വായ്‌പ ലഭിക്കുക. നാലു ശതമാനമാണ് റിപ്പോ നിരക്ക്. ബാങ്കുകൾ നൽകുമ്പോൾ പലിശ അഞ്ചു ശതമാനം കടക്കാനിടയില്ല.

വായ്‌പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചില്ല. എന്നാൽ, വ്യക്തികൾക്കും എം.എസ്.എം.ഇകൾക്കും ചെറു സംരംഭകർക്കും വായ്‌പ പുനഃക്രമീകരിക്കാം. 25 കോടി രൂപവരെ വായ്‌പയുള്ളവരും നേരത്തേ പുനഃക്രമീകരണം നടത്താത്തവരും 2021 മാർച്ച് 31വരെയുള്ള കണക്കുപ്രകാരം സ്‌റ്റാൻഡേർഡ് ലോൺ അക്കൗണ്ടുള്ളവരുമാണ് യോഗ്യർ. ഉപഭോക്താവും ബാങ്കും ഈവർഷം സെപ്‌തംബർ 30നകം പുനഃക്രമീകരണ പദ്ധതി തയ്യാറാക്കണം. തുടർന്ന് 90 ദിവസത്തിനകം നടപ്പാക്കുകയും വേണം. വായ്‌പാ തിരിച്ചടവ് കാലാവധി രണ്ടുവർഷം വരെ നീട്ടിക്കിട്ടും.

കെ.വൈ.സി

ഡിസംബർ വരെ

ബാങ്ക് അക്കൗണ്ട് നിലനിറുത്താനാവശ്യമായ ഉപഭോക്തൃ വിവരങ്ങൾ (കെ.വൈ.സി) അപ്‌ഡേറ്റ് ചെയ്യാൻ ഡിസംബർ 31 വരെ സമയം അനുവദിച്ചു. വീഡിയോ കെ.വൈ.സി പ്രകാരവും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം.

സംസ്ഥാനങ്ങൾക്ക്

50 ദിവസത്തെ ഒ.ഡി

സംസ്ഥാനങ്ങൾക്ക് ഓവർഡ്രാഫ്‌റ്റിൽ തുടരാനുള്ള സമയം പരമാവധി 50 ആക്കി ഉയർത്തി. നിലവിൽ ഇത് 36 ദിവസമാണ്. തുടർച്ചയായി ഒ.ഡിയിൽ തുടരാനുള്ള ദിവസങ്ങൾ 14ൽ നിന്ന് 21 ആക്കിയിട്ടുമുണ്ട്. സെപ്‌തംബർ 30 വരെയാണ് ആനുകൂല്യം.