mac-gill

സിഡ്നി: മുന്‍ൻ ആസ്ട്രേലിയന്‍ൻ ലെഗ്സ്പിന്നർ സ്റ്റുവർട്ട് മക്ഗില്ലിനെ കഴിഞ്ഞ മാസം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേർ പോലീസിന്റെ പിടിയിലായി. മക്ഗില്ലിന്റെ കാമുകി മരിയ ഒമേഗറിന്റെ സഹോദരന്‍ മരിനോ സോറ്റിറോപൗലോസാണ് പിടിയിലായ സംഘത്തിന്റെ തലവൻ. മക്ഗില്ലുമൊത്ത് റെസ്‌റ്റോറന്റ് നടത്തിവരികയായിരുന്നു കാമുകി . മരിയ റെസ്‌റ്റോറന്റ് ഉടമയും മക്ഗിൽ ജനറൽ മാനേജരുമായിരുന്നു. ഇരുവരും ഇപ്പോള്‍ അത്ര നല്ല ബന്ധത്തിലല്ല.

ഏപ്രിൽ പതിനാലിന് രാത്രി പടിഞ്ഞാറൻ സിഡ്നിയിൽ വച്ചാണ് മറിനും സംഘവും മക്ഗില്ലിനെ വാഹനം തടഞ്ഞ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. നഗരത്തിന് പുറത്തെ ഏതോ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയ അക്രമികൾ മക്ഗില്ലിനെ മർദ്ദിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ഒരു മണിക്കൂറിനുശേഷമാണ് വിട്ടയച്ചത്. സംഭവം നടന്ന് ആറു ദിവസം കഴിഞ്ഞാണ് മക്ഗിൽ പോലീസിൽ പരാതിപ്പെട്ടത്. അക്രമികളെ ഭയന്നിട്ടാണിതെന്നാണ് പോലീസ് വിശദീകരണം.

അമ്പതുകാരനായ മക്ഗിൽ ആസ്ട്രേലിയക്കുവേണ്ടി 44 ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് കളിച്ചത്. ടെസ്റ്റിൽ 208ഉം ഏകദിനത്തില്‍ ആറും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.