bineesh

ബംഗളൂരു: പിതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യസ്ഥിതി തീരെ മോശമാണെന്നും അടിയന്തരമായി കുറച്ച് ദിവസം നാട്ടിൽ കുടുംബത്തെ കാണാൻ ജാമ്യം അനുവദിക്കണമെന്നും കോടതിയിൽ ജാമ്യാപേക്ഷ നൽകി ബിനീഷ് കോടിയേരി. കള‌ളപ്പണം വെളുപ്പിച്ച കേസിൽ തടവിൽ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇന്ന് ബിനീഷിന്റെ അഭിഭാഷകൻ ഇക്കാര്യം കോടതിയിൽ അറിയിച്ചത്.

കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനില മോശമായതിനാൽ ഇടക്കാല ജാമ്യം ബിനീഷിന് അനുവദിക്കണമെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇക്കാര്യത്തിൽ തടസമെന്താണെന്ന് കോടതിയും ചോദിച്ചു.എന്നാൽ ഇ.ഡിയ്‌ക്ക് വേണ്ടി കേസിൽ ഹാജരായ സോളിസി‌റ്റർ ജനറൽ ഇത് ശക്തമായി എതിർത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇടക്കാല ജാമ്യം നേടാൻ നിയമമില്ലെന്ന് അദ്ദേഹം വാദിച്ചു.

കേസ് ഇനി ഒരാഴ്‌ചയ്‌ക്ക് ശേഷം മേയ് 12ന് പരിഗണിക്കാൻ കോടതി മാ‌റ്റി. കഴിഞ്ഞ ഏഴ് മാസങ്ങളായി കള‌ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് റിമാൻഡിൽ കഴിയുകയാണ്.