ഇയാളുടെ ഭാര്യ സിന്ധു നേരത്തെ പിടിയിലായിരുന്നു
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ അരുമനയിൽ കുറച്ചുദിവസം മുമ്പ് 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതി പിടിയിലായതിന് പിന്നാലെ ഭർത്താവിനെയും പൊലീസ് അറസ്റ്റുചെയ്തു. പളുകൽ കോടവിളാകം സ്വദേശി ഷിബുവിനെയാണ് (38) അറസ്റ്റുചെയ്തത്. ഇയാളിൽ നിന്നും 75.75 ലക്ഷം രൂപയുടെ കള്ളനോട്ടും പൊലീസ് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഭാര്യ സിന്ധുവാണ് നേരത്തെ പിടിയിലായത്.
ഇതിന് പിന്നാലെ സ്പെഷ്യൽ ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടക്കുന്നതിനിടെയാണ് മാർത്താണ്ഡം പമ്മത്തിന് സമീപത്തുവച്ച് എസ്.പി.എസ്.ഐ ശിവശങ്കരിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഷിബുവിനെ അറസ്റ്റുചെയ്തത്. പളുകലിലെ ഷിബുവിന്റെ വീടിന് പുറത്ത് കുഴിച്ചിട്ടിരുന്ന പണമാണ് പിടിച്ചെടുത്തത്. പിടികൂടിയ നോട്ടിൽ ഫോർ ഫിലിം ഷൂട്ടിംഗ് എന്ന് എഴുതിയിട്ടുമുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
കുറച്ചുദിവസം മുമ്പ് വെള്ളാങ്കോട് കശുഅണ്ടി ഫാക്ടറിയിൽ കള്ളനോട്ട് സൂക്ഷിച്ചിരിക്കുന്നതായി അരുമന എസ്.ഐ മഹേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് 52 ലക്ഷം പിടികൂടിയത്. കശുഅണ്ടി ഫാക്ടറി ഉടമ ജെറാൾഡ് ജബയെ ചോദ്യം ചെയ്തപ്പോഴാണ് പണം സിന്ധു കൊണ്ടുവന്നതാണെന്ന് അറിഞ്ഞത്. തുടർന്ന് തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ സിന്ധുവിനെ അറസ്റ്റുചെയ്യുകയായിരുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാഡും സംഭവം അന്വേഷിക്കുന്നുണ്ട്.
കള്ളനോട്ട് വാങ്ങിയത് സിനിമാമേഖലയിലെ വ്യക്തിയിൽ നിന്ന്
സിന്ധു കള്ളനോട്ട് വാങ്ങിയത് സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സന്തോഷിന്റെ കൈയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാറിലെത്തിയ സന്തോഷ് തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ വച്ചാണ് പണം കൈമാറിയത്. തന്റെ സ്ഥാപനത്തിന്റെ പരസ്യത്തിനെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നും കൂലിയായി സന്തോഷ് 50,000 രൂപ കൈപ്പറ്റിയെന്നും സിന്ധു പറഞ്ഞു. സന്തോഷിനെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.
ലോൺ വാഗ്ദാനം നൽകി പണം തട്ടിപ്പ്
സിന്ധു രണ്ടുവർഷമായി പളുകലിൽ സ്വകാര്യ ഫിനാൻസ് നടത്തിവരികയായിരുന്നു. ലോൺ വാഗ്ദാനം നൽകി നാട്ടുകാരുടെ കൈയിൽ നിന്ന് പണം തട്ടിയെടുക്കുന്നതാണ് രീതി. ഇതിനിടെയാണ് കശുഅണ്ടി ഫാക്ടറി നടത്തുന്ന ജെറാൾഡ് ജബയുമായി പരിചയത്തിലായത്. തിരഞ്ഞെടുപ്പിന് മുന്നേയാണ് പണം കശുഅണ്ടി ഫാക്ടറിയിൽ സൂക്ഷിക്കാനായി ഏല്പിച്ചത്. ഈ പണം താത്കാലികമായി ഇവിടെ സൂക്ഷിക്കണമെന്നും ജെറാൾഡിനുള്ള ലോൺ ഉടൻ ശരിയാക്കാമെന്നും പറഞ്ഞാണ് പണം നൽകിയത്. 19 പേരിൽ നിന്ന് സിന്ധു അഡ്വാൻസ് തുക കൈപ്പറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.