zomato

ബംഗളൂരു: പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി സ്‌റ്റാർട്ടപ്പായ സൊമാറ്റോ പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള (ഐ.പി.ഒ) അപേക്ഷ (ഡി.ആർ.എച്ച്.പി അഥവാ ഡ്രാഫ്‌റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്‌ടസ്) സമർപ്പിച്ചു. പ്രമുഖ ചൈനീസ് ശതകോടീശ്വരൻ ജാക്ക് മായുടെ ആന്റ് ഗ്രൂപ്പിന്റെ ഓഹരി നിക്ഷേപമുള്ള സൊമാറ്റോ 8,250 കോടി രൂപയാണ് (110 കോടി ഡോളർ) ഐ.പി.ഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.

2008ൽ പ്രവർത്തനം ആരംഭിച്ച ഫുഡ് ഡെലിവറി സ്‌റ്റാർട്ടപ്പായ സൊമാറ്റോയ്ക്ക് ഇപ്പോൾ 24 രാജ്യങ്ങളിൽ സാന്നിദ്ധ്യമുണ്ട്. 5,000 ഓളമാണ് ജീവനക്കാർ. ഐ.പി.ഒയിൽ 7,500 കോടി രൂപയുടേത് ഫ്രഷ് ഇഷ്യൂ (പുതിയ ഓഹരികൾ) ആയിരിക്കുമെന്ന് അപേക്ഷയിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യ ഓഹരി ഉടമകളായ ഇൻഫോ എഡ്ജാണ് ബാക്കി 750 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുക. ഏകദേശം 31,000 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ ഏറ്റവും വലിയ കമ്പനിയാണ് സൊമാറ്റോ. സ്വിഗ്ഗിയാണ് പ്രധാന എതിരാളി.