കൊവിഡ് മഹാമാരിയുടെ നിരന്തര പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടുള്ള റംസാനിലൂടെയാണ് നാം കടന്ന് പോകുന്നത്. അനവധി മരണം ദിനപ്രതി ലോകത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നു . ലോകം മുഴുവൻ ഈ വൈറസിനെ തുരത്താൻ അഹോരാത്രം പരിശ്രമിക്കുന്ന ഈ സാഹചര്യത്തിൽ റംസാൻ എന്ന അനുഗ്രഹീത മാസം പല കാര്യങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നു .
മനുഷ്യനെ സ്വയം ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്‌യുന്ന ഈ പുണ്യ നാളുകളിൽ മറ്റുള്ളവരോട് കരുണ കാണിക്കുക എന്നതാണ് പ്രവാചകൻ ഉദ്ബോധിപ്പിച്ചത് . ഖുർ - ആനിൽ ആവർത്തിക്കുന്ന പദമാണ് കാരുണ്യം . ജാതിയോ മതമോ സാമ്പത്തികമോ ആയ അവസ്ഥ ഭേദങ്ങൾ കണക്കാക്കാതെ മനുഷ്യരാകെ ഉള്ളുതുറന്ന് സ്നേഹിക്കുക . അപ്പോൾ ലോകം ഒരു കുടുംബമായിത്തീരും . അങ്ങനെ സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സംഗമസ്ഥാനം രൂപപ്പെടും. അന്യോന്യം കണക്കുപറച്ചിലുകൾ ഇല്ലാത്ത സൗഹാർദ അന്തരീക്ഷം ഉണ്ടാകും .
ജീവിതത്തിന്റെ നൈരന്തര്യോപാധിയായ ആഹാരം ,സന്താനോൽപാദന മാർഗമായ ലൈംഗിക സമ്പർക്കം എന്നിവയിൽ നിന്ന് നിശ്ചിത സമയം വിട്ടുനിൽക്കലാണ് ഉപവാസം . അച്ചടക്ക പരിശീലനം, ആരോഗ്യ പരിപാലനം ,സാമൂഹിക ബന്ധങ്ങളുടെ ദൃഢീകരണം തുടങ്ങിയവ ഉപവാസത്തിന്റെ മഹത്തരമായ വശങ്ങളാണ്.
മറ്റുള്ളവരുടെ നന്മയ്ക്കും സൗഹൃദത്തിനും വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യണം . മറ്റുള്ളവരുടെ സങ്കടങ്ങളിൽ ഓഹരിക്കാരനായി തീരണം. ഇതാണ് റംസാന്റെ മുഖ്യ സന്ദേശം . ദുഷിച്ച വാസനകൾക്ക് തടയിടാൻ റംസാൻ പ്രേരണയാകുന്നു .സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുതാപത്തിന്റെയും പൂങ്കാവനങ്ങൾ സൃഷ്ടിക്കപ്പെടണം. അവ മനുഷ്യന്റെ യാത്രയിലുടനീളം തണലായി നിൽക്കണം.
സ്വമേധയായുള്ള ഉപവാസത്തോടൊപ്പം നിർബന്ധിതമായ മറ്റൊരു ഉപവാസം കൂടി ലോകത്തു സംഭവിക്കുന്നുണ്ട്. അഭയാർത്ഥികളായും ചിലപ്പോൾ മഹാമാരികൾ സൃഷ്ടിക്കുന്ന ലോക്ഡൗണിൽപ്പെട്ടും വൻ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ അഹന്ത അടിച്ചേൽപ്പിക്കുന്ന ഉപരോധങ്ങൾക്ക് വിധേയരായും പട്ടിണി കിടക്കേണ്ടി വരുന്ന ജനലക്ഷങ്ങളുടെ ദുരിത ജീവിതം .ആ ദുരിത പർവങ്ങളിലേക്ക് നമ്മുടെ മനസിനെ നയിക്കാനും റംസാൻ സഹായകമാകും .
ഒരാൾ തനിക്ക് എന്താണോ ഇഷ്ടപ്പെടുന്നത് ,അത് തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ പൂർണ വിശ്വാസിയാവില്ലെന്ന് മുഹമ്മദ് നബി പഠിപ്പിക്കുന്നു .നമുക്കുവേണ്ടി ആഗ്രഹിക്കുന്ന സൗകര്യങ്ങളും സുഖങ്ങളും സംവിധാനങ്ങളും മറ്റുള്ളവർക്ക് കൂടി ആഗ്രഹിക്കുക വിശ്വാസത്തിന്റെ ഭാഗമാണ് .അല്ലാത്ത പക്ഷം വിശ്വാസം പൂർണമാകുന്നില്. റംസാന്റെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട് കഴിവുകൾക്കനുസരിച്ചു മറ്റുള്ളവരുടെ അവശതകളെ ഇല്ലായ്മ ചെയ്യാൻ നമുക്ക് സാധിക്കണം .
ലേഖകൻ കുവൈറ്റിൽ നഴ്സാണ്