കൊച്ചിയിൽ നിന്നും അമേരിക്കയിലെ അറ്റ്ലാന്റയിലേക്ക് ആറുവർഷം മുമ്പ് നടത്തിയ യാത്രയിൽ കുറേ ചോദ്യങ്ങൾ ഡോ. എസ്. മായാദേവിക്കുറുപ്പിന്റെ മനസിലുണ്ടായിരുന്നു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ വിമൻസ് ഹെൽത്ത് വിഭാഗം സീനിയർ കൺസൾട്ടന്റ് മേധാവിയായ മായാദേവിയുടെ യാത്രയുടെ ലക്ഷ്യം റോബോട്ടിക്ക് സർജറിയിലെ പരിശീലനമായിരുന്നു. ആസ്റ്റർ മെഡ്സിറ്റി ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ നിർദേശപ്രകാരമായിരുന്നു യാത്ര. റോബോട്ടിക്ക് സർജറിയുമായി ബന്ധപ്പെട്ട തിയറി പരീക്ഷ പാസായതിനുശേഷമാണ് അവിടെയുള്ള സർജിക്കൽ ഇൻറ്റ്യുറ്റീവ് സെന്ററിലെ പരിശീലനം. വെറുതെയായി പോകുമോ ഈ യാത്ര, റോബോട്ടിക്ക് സർജറി കേരളത്തിൽ പ്രയോഗികമാണോ തുടങ്ങിയ ചോദ്യങ്ങൾ അവിടെയെത്തിയ ഡോക്ടറെ കാത്തിരുന്നത് ആതുരരംഗത്തെ നവീനമായ അതിശയങ്ങളായിരുന്നു.
''തിരിച്ചെത്തിയപ്പോൾ മനസിലെ കുറേ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചെങ്കിലും ആദ്യഘട്ടത്തിലൊക്കെ ഈ സർജറിയ്ക്കായി ഒരു രോഗിയെ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു യുവദമ്പതികളായിരുന്നു ആദ്യമായി തയ്യാറായത്. ആ പെൺകുട്ടിക്ക് ഒവേറിയൻ സിസ്റ്റായിരുന്നു പ്രശ്നം. കുറേ കാലമായി ചികിത്സയിലാണ്. സംസാരത്തിനിടെ അവരോട് ഞാൻ റോബോട്ടിക്ക് സർജറിയുടെ കാര്യം പറഞ്ഞു. പുതിയ ചികിത്സാരീതിയാണെങ്കിൽപ്പോലും പെട്ടെന്ന് തന്നെ അവരത് ഉൾക്കൊണ്ടു. വിശദമായി സർജറിയെക്കുറിച്ച് സംസാരിച്ചപ്പോൾ ചെയ്താൽ കൊള്ളാമെന്ന് അവർക്ക് തോന്നി. ആദ്യ സർജറി കഴിഞ്ഞപ്പോൾ പിന്നെ മുന്നോട്ടേക്ക് പോകാനുള്ള ഒരു വഴി തുറന്നു കിട്ടി. ആ വഴിയാണ് ഇവിടെ വരെ വന്നെത്തി നിൽക്കുന്നത്.""
അഭിമാനത്തോടെ മായാദേവി പറഞ്ഞുതുടങ്ങുമ്പോൾ ഗൈനക്കോളജി വിഭാഗത്തിൽ നൂറ് റോബോട്ടിക്ക് സർജറികൾ സാർത്ഥകമായി ചെയ്തതിന്റെ നിറവുണ്ട് ആ വാക്കുകളിൽ. മലയാളത്തിന്റെ അക്ഷരസൂര്യൻ ഒ.എൻ.വി കുറുപ്പിന്റെ മകളാണ് മായാദേവി കുറുപ്പ്.
സൂക്ഷ്മതയുടെ
അവസാനവാക്ക്
കീ ഹോൾ സർജറി എല്ലാവർക്കും സുപരിചിതമായ വാക്കാണ്. അതിൽ നിലവിലുള്ളത് ലാപ്രോസ്കോപ്പിക്ക് സർജറി ആണ്. അതിന്റെ ഒരുപടി കൂടി ഉയർന്ന സർജറി ആണ് റോബോട്ടിക്ക് സർജറി. ഒരു റോബോട്ടിന്റെ സഹായത്തോടെ ഒരു ഡോക്ടർ സർജറി ചെയ്യുകയാണിതിൽ. ആദ്യം കീ ഹോളിന്റെ സഹായത്തോടെ ഉപകരണങ്ങളെല്ലാം കടത്തി ആ ഉപകരണങ്ങളെല്ലാം റോബോട്ടിന്റെ കയ്യിൽ ഘടിപ്പിക്കും. ആ കൈകളെ നിയന്ത്രിക്കുന്നത് സർജനായിരിക്കും. ഇതൊരു ത്രിഡി വിഷനാണ്. സാധാരണ കാഴ്ചയിൽ നിന്നും പത്തിരട്ടിയോളം സസൂക്ഷ്മമായി സർജറിയുടെ ഓരോ ഘട്ടങ്ങളും കാണാൻ കഴിയും. കാമറ വച്ച് സൂം ചെയ്തു നോക്കാൻ കഴിയുന്നതിനാൽ വളരെ അടുത്തു നിന്നു തന്നെ തീരെ ചെറിയ രക്തധമനികൾ വരെ വ്യക്തമായി കാണാൻ സാധിക്കും. സങ്കീർണമായ അവസ്ഥകളിൽ ഏറെ പ്രയോജനപ്പെടും റോബോട്ടിക്ക് സർജറി. ഏത് അവയവത്തിനാണോ സർജറി ചെയ്യേണ്ടത് അവ വളരെ അടുത്തു പോയി വ്യക്തതയോടെ കണ്ടു തന്നെ ചെയ്യാൻ കഴിയുമെന്നാണ് മെച്ചം. രക്തം ഒരുപാട് നഷ്ടപ്പെടുന്ന സാഹചര്യം വരുന്നില്ല. സർജറിയുടെ പിറ്റേന്ന് രോഗിയെ കാണുമ്പോൾ സർജറി ചെയ്തയാളാണെന്നു പോലും അറിയാത്ത രീതിയിൽ വളരെ വേഗത്തിലാണ് അവരുടെ സാധാരണ ജീവിതത്തിലേക്കുള്ള മടക്കം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. ചെലവ് മറ്റു സർജറികളേക്കാൾ കൂടുതലാണെന്നു തന്നെ പറയാം. എങ്കിലും പല ഇൻഷുറൻസ് കമ്പനികളും റോബോട്ടിക്ക് സർജറിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ചെലവ് വഹിക്കാൻ മുന്നോട്ടുവരുന്നുണ്ട്.
കുതിപ്പിന് മുമ്പ്
കടമ്പകളുണ്ടായിരുന്നു
അറ്റ്ലാന്റയിലെ സർജിക്കൽ ഇൻറ്റ്യുറ്റീവ് സെന്ററിലെ പരിശീലനത്തിനുശേഷം ഡിട്രോയ്റ്റിലെ ഹെൻട്രി ഫോർഡ് ഹോസ്പിറ്റലിലും ഞങ്ങളുണ്ടായിരുന്നു. ആശുപത്രികളുടെ ഒരു പരിശീലനകേന്ദ്രമാണത്. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെയാണ് റോബോട്ടിക്ക് സർജറിയിലെ പരിശീലനത്തിനെത്തുന്നത്. യു.എസിലാണ് ആദ്യമായി റോബോട്ടിക്ക് സർജറി വരുന്നത്. പതിനഞ്ചുവർഷത്തോളം ഞാൻ യു.കെയിലായിരുന്നു ജോലി ചെയ്തിരുന്നത്. ആ സമയത്ത് ഒരു ആശുപത്രിയിൽ മാത്രമായിരുന്നു റോബോട്ടിക്ക് സർജറി ഉണ്ടായിരുന്നത്. എന്നാൽ യു.എസ് ഈ ചികിത്സയിൽ ഏറെ മുന്നിലാണ്. അവിടെ എത്തുന്നവർക്ക് മികച്ച അവസരവും അനുഭവങ്ങളും തന്നെയാണ് ലഭിക്കുന്നതെന്ന് പറയാം. ചില കേസുകൾ നോക്കുമ്പോൾ റോബോട്ടിക്ക് സർജറി തന്നെ ചെയ്യേണ്ടതായ സാഹചര്യങ്ങളുണ്ട്. എൻഡോമെട്രിയോസിസ് സർജറി പോലെയുള്ളവ. കാൻസർ സർജറിയേക്കാൾ സങ്കീർണമാണിതെന്ന് പറയാം. സിസ്റ്റുകളെല്ലാം വന്ന് കുടലിലേക്കും ബ്ളാഡറിലേക്കും ഒട്ടിപ്പിടിച്ചുള്ള സങ്കീർണമായ കേസുകൾ വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഏറ്റവും നല്ലത് റോബോട്ടിക്ക് സർജറി ആണ്. വന്ധ്യത അനുഭവിക്കുന്ന സ്ത്രീകളിലെ ഗർഭാശയമുഴകൾ നീക്കം ചെയ്യുന്നതിനും ഈ സർജറി വളരെ പ്രയോജനകരമാണ്. മുമ്പിലെത്തുന്ന രോഗികളോട് കൃത്യമായി രോഗാവസ്ഥ പറഞ്ഞു മനസിലാക്കി കൊടുക്കും. ഇൻഷുറൻസ് പകുതി മാത്രമേ കിട്ടൂ എന്ന് പറഞ്ഞാൽ പോലും ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ബാക്കി തുക കണ്ടെത്താം എന്ന നിലയിൽ രോഗികൾ റോബോട്ടിക്ക് സർജറിയോട് താത്പര്യം കാണിക്കുന്നതായാണ് എന്റെ അനുഭവം. വലിയ ഫൈബ്രോയ്ഡ് യൂട്രസിനൊക്കെ ഏറെ ഫലപ്രദമാണ് ഈ സർജറി. വേണമെങ്കിൽ ഇത്തരം കേസുകളിൽ ലാപ്രസ്കോപ്പി സർജറി ചെയ്യാം. എന്നാൽ കൂടുതൽ രക്തം നഷ്ടപ്പെടുന്നത് ഒഴിവാക്കുക, സാധാരണ ജീവിതത്തിലേക്കുള്ള വേഗത്തിലുള്ള മടക്കം തുടങ്ങിയ പരിഗണിക്കുമ്പോൾ റോബോട്ടിക്ക് സർജറിക്ക് സാദ്ധ്യതയേറെയാണ്. ഈ കാര്യങ്ങളെല്ലാം കൃത്യമായി മനസിലാക്കി വരുന്ന രോഗികളുണ്ട്. അല്ലാത്തവർക്ക് വിശദമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കും. ഒരു രോഗിക്ക് ഏതു സർജറിയാണ് അനുയോജ്യമെന്ന് എനിക്ക് തീരുമാനമെടുക്കാമെങ്കിലും രോഗിയുടെ അഭിപ്രായം കൂടി അറിഞ്ഞാണ് മുന്നോട്ടു പോകുന്നത്. മൂന്നുതരം സർജറിയും ചെയ്യുന്നയാളാണ് ഞാൻ. കുറേ കടമ്പകളുണ്ടല്ലോ ഇതിൽ. മനസിലാക്കി കൊടുത്തും പഠിപ്പിച്ചും ബോധവത്ക്കരിച്ചും തന്നെയായിരുന്നു ഈ യാത്ര.
നൂറുസർജറികൾ
നൂറായിരം പാഠങ്ങൾ
കേരളത്തിൽ ഗൈനക്കോളജിയിൽ നൂറു സർജറികൾ എന്നു പറയുന്നതു തന്നെ വലിയ അഭിമാനമാണ്. നൂറു സർജറികൾ എന്നു പറയുമ്പോൾ വരച്ചിട്ട വഴിയിലൂടെ മുന്നോട്ടു പോകുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല. കാരണം ഇതൊരു പുതിയ സംവിധാനമാണ്. കുറേയാളുകൾക്ക് അറിയാം. എങ്കിലും അറിവുള്ളവരെയും അല്ലാത്തവരെയും ഒരുക്കിയെടുക്കുക എന്നത് നിരന്തരമായി തുടരുന്ന ഒരു പ്രക്രിയയാണ്. 2014 അവസാനമാണ് റോബോട്ടിക്ക് സർജറി ആസ്റ്ററിൽ ചെയ്തു തുടങ്ങിയത്. ആസ്റ്റർ മെഡ്സിറ്റി ചെയർമാനായ ഡോ. ആസാദ് മൂപ്പനോടും സി.ഇ.ഒയായ ഡോ. ഹരീഷ് പിള്ളയോടുമാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. അവരുടെ നിർബന്ധപ്രകാരമാണ് ഞാൻ യു.എസിലേക്ക് പോയതും റോബോട്ടിക്ക് സർജറി പരിശീലിച്ചതെന്നതും ഒരിക്കലും മറക്കാൻ കഴിയില്ല. റോബോട്ടിക്ക് സർജറിയിൽ പ്രത്യേക പരിശീലനം കിട്ടിയ നഴ്സുമാരൊക്കെയുണ്ട്. അങ്ങനെ ഒരു ടീമുള്ളത് വലിയ ഭാഗ്യമാണ്.
മനസിന് കൂട്ടായി
നൃത്തമുണ്ട് കൂടെ
ശാന്തിയിലേക്കുള്ള പാതയാണ് എനിക്ക് നൃത്തം. നാലുവയസുമുതൽ നൃത്തം ജീവിതത്തിലുണ്ട്. മികവുറ്റ ഗുരുക്കൻമാരുടെ കീഴിൽ നൃത്തം പരിശീലിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എം.ബി.ബി.എസ് തിരഞ്ഞെടുത്തത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. മുത്തച്ഛൻ ഒ.എൻ. കൃഷ്ണക്കുറുപ്പ് ആയുർവേദ വൈദ്യനായതു മാത്രമാണ് ചികിത്സയുമായി കുടുംബത്തിനുള്ള പാരമ്പര്യം. എനിക്കും ഏട്ടൻ രാജീവ് ഒ.എൻ.വിക്ക് സ്വന്തം താത്പര്യപ്രകാരമുള്ള കാര്യങ്ങൾ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും തന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു എം.ബി.ബി.എസും ഗൈനക്കോളജിയിൽ എം.ഡിയും പൂർത്തിയാക്കിയത്. ആസ്റ്ററിൽ തന്നെ കൺസൾട്ടന്റ് ന്യൂറോ റേഡിയോളജിസ്റ്റായ ഭർത്താവ് ഡോ. ജയകൃഷ്ണൻ എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്. രണ്ടു പെൺകുട്ടികളാണ്, മൂത്തയാൾ അമൃത ജയകൃഷ്ണൻ യു.കെയിൽ എൽ.എൽ.ബിയും എം.ബി.എയും പൂർത്തിയാക്കിയശേഷം അവിടെ ജോലി ചെയ്യുന്നു. നർത്തകി കൂടിയ അമൃത യു.കെയിൽ 'മായാലോക" ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ഭർത്താവ് ഡോ. പ്രണവ് ശൈലേന്ദ്ര, ഇളയ മകൾ സുമിത ജയകൃഷ്ണൻ ബർമിംഗ് ഹാം യൂണിവേഴ്സിറ്റിയിൽ ഹിസ്റ്ററി രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയാണ്.