തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വൻ അഴിച്ചുപണിയുണ്ടാകുമെന്ന് സൂചന. ഏറെ വിവാദമായ ഉപേദേശകർ മുഖ്യമന്ത്രിക്ക് ഇനി ഉണ്ടാകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉപദേശകരുടെ കാര്യത്തിൽ പാർട്ടിയിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. പിണറായിക്കും പാർട്ടിക്കും സർക്കാരിനും പൊതുജനമദ്ധ്യത്തിൽ മികച്ച സ്വീകാര്യത ഉണ്ടെന്നിരിക്കെ വിവാദമായ ഉപദേശക നിയമനങ്ങൾ ഇനിയും വേണ്ടെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷം പേരുടേയും നിലപാട്.. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കട്ടെയെന്നാണ് പാർട്ടിയുടെ അഭിപ്രായം.
ഇതോടെ ഉപദേശകരുമായി ബന്ധപ്പെട്ട കാര്യത്തിൽ പിണറായി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. എന്നാൽ ഗീതാഗോപിനാഥിനേയും രമൺ ശ്രീവാസ്‌തവയേയും പോലെ പാർട്ടി നിലപാടുകളും ആശയങ്ങളുമായി ചേർന്നുപോകാത്തവരെ ഇനിയും നിയമിക്കണമോ എന്ന ചോദ്യം നേതാക്കൾക്കിടയിലുണ്ട്.
രമണ്‍ ശ്രീവാസ്‌തവ (ആഭ്യന്തരം), എം. ചന്ദ്രദത്തന്‍ (ശാസ്ത്രം), ഗീതാ ഗോപിനാഥ് (സാമ്പത്തികം), ഡോ. എന്‍.കെ. ജയകുമാര്‍ (നിയമം), ജോണ്‍ ബ്രിട്ടാസ് (മാദ്ധ്യമം), പ്രഭാവര്‍മ (അച്ചടി മാദ്ധ്യമം) എന്നിവരായിരുന്നു ആദ്യ പിണറായി മന്ത്രിസഭയിലെ മുഖ്യമന്ത്രിയുടെ ഉപദേശകർ.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയുമെത്തും. പാർട്ടിയിലെ ഒരു ഉന്നത നേതാവ് ആയിരിക്കും പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുക. നിലവിലുളള ചുരുക്കം ചിലർ മാത്രമേ പേഴ്‌സണൽ സ്റ്റാഫിൽ തുടരുകയുളളൂ. മന്ത്രിസഭയിൽ ഭൂരിപക്ഷം അംഗങ്ങളും പുതുമുഖങ്ങളായിരിക്കെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും പരമാവധി പുതുമുഖങ്ങളായിരിക്കും.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളോ ജില്ലാ കമ്മിറ്റി അംഗങ്ങളോ ആയിരിക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി എത്തുക. ഇപ്പോഴുളള മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ആരും പുതിയ മന്ത്രിമാരുടെ ഓഫീസിൽ വേണ്ടെന്നും പാർട്ടിയിൽ ധാരണയായിട്ടുണ്ട്. ഒരു മന്ത്രിയ്‌ക്ക് 27 സ്റ്റാഫ് അംഗങ്ങളെ വരെ നിയമിക്കാം. ഇതിൽ മൂന്നോ നാലോ അംഗങ്ങളായിരിക്കും സർക്കാർ ഉദ്യോഗസ്ഥരായി ഉണ്ടാവുക. മിടുക്കരായ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ സർവീസ് സംഘടനകള്‍ക്ക് പാർട്ടി നിർദേശം കൈമാറിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ള പാർട്ടി അംഗങ്ങളായ ചെറുപ്പാക്കാർക്കാകും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളിൽ കൂടുതൽ അവസരം നൽകുകയെന്ന് സി.പി.എം വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഓരോ വകുപ്പിന്‍റെയും പ്രവർത്തനങ്ങളും നേട്ടങ്ങളുമെല്ലാം ജനങ്ങളെ അറിയിക്കാൻ മന്ത്രി ഓഫീസുകളിൽ മികച്ച പി.ആർ.ഒ സംവിധാനവുമുണ്ടാകും. സംസ്ഥാനത്തെ സി.പി.എം ആഭിമുഖ്യമുളള മാദ്ധ്യമപ്രവർത്തകരിൽ ചിലർ ഈ സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. പരമാവധി വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന് പ്രൊഫഷണൽ ടച്ചുളള കേന്ദ്രങ്ങളായി മന്ത്രി ഓഫീസുകളെ മാറ്റാനാണ് പാർട്ടി തീരുമാനം.ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിലും സി.പി.എം നിരീക്ഷണം ശക്തമാക്കും.