pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പൂര്‍ണമായ അടച്ചിടല്‍ വേണോയെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ചേരുന്ന അവലോകന യോഗത്തിലാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക. നിലവിലുള്ള മിനി ലോക്ക്ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ പര്യാപ്‌തമല്ലെന്നാണ്, പൊലീസും ആരോഗ്യ വകുപ്പും സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ്, സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചില്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. പകരം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെ മിനി ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇതു ഫലം ചെയ്യുന്നില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പും ഇതേ അഭിപ്രായത്തിലാണ്.

കൊവിഡ് വ്യാപനം തടയാന്‍ രണ്ടാഴ്‌ചയെങ്കിലും സംസ്ഥാനത്ത് അടച്ചിടല്‍ വേണമെന്ന് ഡോക്‌ടർമാരുടെ സംഘടനകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിനും ഇപ്പോള്‍ ഇതേ അഭിപ്രായമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടി പരിഗണിച്ചായിരിക്കും ലോക്ക്‌ഡൗണിന്‍റെ കാര്യത്തിൽ നാളെ തീരുമാനമുണ്ടാവുക.

അതേസമയം, കൊവിഡ് വ്യാപനം അതിതീവ്രമായ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കടുപ്പിക്കും. ടി പി ആര്‍ നിരക്ക് 25ന് മുകളിലായ 74 പഞ്ചായത്തുകളില്‍ ഇന്ന് വൈകുന്നേരം ആറ് മുതല്‍ ലോക്ക്ഡൗണിന് സമാനമാവും നിയന്ത്രണങ്ങള്‍.